Connect with us

Covid19

ചൈനയിൽ ഇന്ന് മാത്രം 57 പുതിയ കൊവിഡ് കേസുകൾ

Published

|

Last Updated

ബീജിംഗ് | കൊവിഡ് ഭീതീയിൽ നിന്ന് മുക്തമാകുന്നതിനിടെ ചൈനയിൽ ഇന്ന് മാത്രം 57 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിലിനു ശേഷം പ്രതിദിനകണക്കനുസരിച്ച് ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് അധികൃതർ പറഞ്ഞു. ശക്തമായ നിയന്ത്രണങ്ങൾക്കൊടുവിൽ കൊവിഡിൽ നിന്ന് മുക്തമായിക്കൊണ്ടിരിക്കുകയായിരുന്നു ചൈന. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സിൻഫാദി മാംസമാർക്കറ്റുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൈ വിട്ടു തുടങ്ങുകയായിരുന്നു.

തലസ്ഥാനത്തെ 36 പുതിയ കേസുകളും സാമൂഹികവ്യാപനത്തിലൂടെയാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇന്ന് രാവിലെ സ്ഥിരീകരിച്ച രണ്ട് കേസുകൾ വടക്കു കിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലാണെന്നും ഇവർ ബീജിംഗിൽ രോഗബാധയുള്ളവരുമായി സമ്പർക്കം പുലർത്തിയവരാണെന്നും കമ്മീഷൻ പറഞ്ഞു.

സാമൂഹിക വ്യാപനമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ബീജിംഗിന്റെ പല ഭാഗങ്ങളും അടച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 52കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇയാൾ താമസിക്കുന്ന ജില്ല മധ്യതല ഭീഷണി മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സിൻഫാദി മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരു ഡസൻ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഫെങ്ങ്റ്റാഡി ജില്ലയിൽ രണ്ട് ദശലക്ഷം പേരാണ് തിങ്ങിപ്പാർക്കുന്നത്. നിലവിൽ മാർക്കറ്റും സമീപമുള്ള റെസിഡെൻഷ്യൽ കോംപ്ലക്‌സുകളും വിദ്യാലയങ്ങളും അടച്ചു കഴിഞ്ഞു.