National
കൊവിഡ്: ആശ്വാസം പകര്‍ന്ന് 11 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി| രാജ്യത്തിനെ കൊവിഡ് വരിഞ്ഞു മുറുക്കുമ്പോഴും 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 500ല്‍ താഴെ മാത്രമെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നത് ആശ്വാസം പകരുന്നു. ഇവിടെ ഒരു മരണം പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയില്‍ ഇതുവരെ 3,20,922 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 9,204 പേര്‍ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 11,929 പുതിയ കേസുകളും 311 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഉണ്ടായ മരണനിരക്കില്‍ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രേദശ് എന്നീ സംസ്ഥാനങ്ങളിലാണ്.
ദാദ്ര നാഗര്‍ഹവേലി, ദാമന്‍ ദിയു എന്നവിടങ്ങളില്‍ ആകെ 35 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ രണ്ട് പേര്‍ രോഗമുക്തി നേടി. ആന്‍ഡമാന്‍ നിക്കോബാറില്‍ 38 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതില്‍ 33 പേരും രോഗമുക്തി നേടി. മേഘാലയില്‍ 44 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 22 പേരും രോഗമുക്തി നേടി. സിക്കിമില്‍ റിപ്പോര്‍ട്ട് ചെയ്തത് 63 കേസുകളാണ്. നാല് പേര്‍ ഇവിടെ രോഗമുക്തി നേടി.
അരുണാചല്‍ പ്രദേശില്‍ 87 രോഗികളില്‍ നാല് പേര്‍ രോഗമുക്തി നേടി. 107 കേസ് റിപ്പോര്‍ട്ട് ചെയ്ത മിസോറാമില്‍ ഒരാളാണ് രോഗമുക്തി നേടിയത്. നാഗാലാന്‍ഡില്‍ 163 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 76 പേര്‍ രോഗമുക്തി നേടി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ 176 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചണ്ഡീഗഡില്‍ 345 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 286 രോഗമുക്തി നേടി. മണിപ്പൂരില്‍ 449 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 91 പേര്‍ രോഗമുക്തി നേടി.