Connect with us

Covid19

46 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്: പി പി ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കണം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്കായി മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങുന്ന പി പി ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി ചെയ്യണമെന്ന് കൊവിഡ് പ്രതിരോധ വിദഗ്ധ സമിതി സർക്കാറിനോട് നിർദേശിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചത്. ആശുപത്രികളിലെ അണുബാധാ നിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കണമെന്നും നിർദേശങ്ങളിലുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദഗ്ധ സമിതി നിർദേശം മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്. നിലവിൽ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന പി പി ഇ കിറ്റുകൾക്ക് ഗുണവിലവാരക്കുറവുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിലയിരുത്തുന്ന സമിതി, ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണമെന്നാണ് സർക്കാറിനോട് നിർദേശിച്ചിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് 46 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പലരും ആശുപത്രികളുമായും രോഗികളുമായും നേരിട്ട് ഇടപഴകിയവരാണെന്നത് ശ്രദ്ധേയമാണ്. പ്രവാസികളെ നാട്ടിലെത്തിക്കാൻ പോയ വിമാനങ്ങളിലെ പൈലറ്റിനടക്കം എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പി പി ഇ കിറ്റുകൾ ഉപയോഗിച്ചിട്ടും ആരോഗ്യ പ്രവർത്തകർക്ക് വ്യാപകമായി വൈറസ് ബാധയേൽക്കുന്നത് ആശങ്ക ഉയർത്തുന്നതാണെന്ന് വിദഗ്ധ സംഘം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് വൈറസ് പ്രതിരോധ മാർഗമായി ഉപയോഗിക്കുന്ന പി പി ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കുന്നത് സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

നേരത്തെ വന്ദേഭാരത് പദ്ധതിയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ കൊണ്ടുവന്ന എയർ ഇന്ത്യയും ഇക്കാര്യം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഗ്ലൗസ്, കാലുറ, മാസ്‌ക്, ഗോഗിൾ അടക്കം സാധനങ്ങൾ ഉൾക്കൊള്ളുന്ന പി പി ഇ കിറ്റുകളിൽ ഏതെങ്കിലും ഒരു വസ്തുവിന് ഗുണനിലവാരമില്ലെങ്കിൽ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യതയാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നത്. പെട്ടെന്ന് കീറിപ്പോകുന്ന ഗ്ലൗസും ഗോഗിൾസും കീറിയ ഗൗണും പലപ്പോഴും കിട്ടിയിട്ടുണ്ടെന്ന് ഡോക്ടർമാർ നേരത്തേ പരാതി ഉന്നയിച്ചിരുന്നു.

അതേസമയം, ഗുണനിലവാരം ഉറപ്പാക്കിയാണ് പി പി ഇ കിറ്റുകൾ വാങ്ങുന്നതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ വിശദീകരണം നൽകിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഒമ്പത് കമ്പനികളിൽ നിന്നാണ് കേരളം പി പി ഇ കിറ്റുകൾ വാങ്ങുന്നത്. ഇവക്ക് സിട്ര, ഡി ആർ ഡി ഒ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് പുറമെ ഡ്രഗ് കൺട്രോളർ അടങ്ങുന്ന ഒരു വിദഗ്ധ സമിതി ഇവ വീണ്ടും റാൻഡം പരിശോധന നടത്തുന്നുണ്ടെന്നും മെഡിക്കൽ സർവീസസ് കോർപറേഷൻ വിശദീകരിച്ചു. ഇതോടൊപ്പം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ വളരെ കൃത്യതയോടെ ധരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകണമെന്നും മെഡിക്കൽ സർവീസസ് കോർപറേഷൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

Latest