Connect with us

Covid19

സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ സേവന ഗ്രൂപ്പുകളില്‍ ഐ സി എഫ് പ്രവര്‍ത്തകര്‍

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ ഷോപ്പിംഗ് മാളുകളും പള്ളികളും സജീവമായതോടെ ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഐ സി എഫ് പ്രവര്‍ത്തകര്‍. ആരോഗ്യ മന്ത്രാലയത്തിന്റെ ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് വളണ്ടിയേഴ്‌സ് ഗ്രൂപ്പില്‍ ഐ സി എഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി ഷൗക്കത്ത് സഖാഫി, ഐ സി എഫ് ദമാം ഹെല്‍പ്പ് ഡെസ്‌ക് കോഡിനേറ്റര്‍ അഹ്മദ് നിസാമി തുടങ്ങിയവര്‍ അംഗങ്ങളാണ്. ഇവര്‍ ഷോപ്പിംഗ് മാളുകളിലും പള്ളികളിലും സേവനം ചെയ്തു വരുന്നു.

പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഷോപ്പിംഗ് മാളുകളില്‍ സന്ദര്‍ശിക്കുന്നവരും ജീവനക്കാരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സുരക്ഷാക്രമീകരണങ്ങള്‍ എന്നിവയെ കുറിച്ച് ഉത്‌ബോധനം നടത്തുക, സന്ദര്‍ശകരുടെയും മറ്റും താപനില പരിശോധിക്കുക, പള്ളിയില്‍ എത്തുന്നവര്‍ കവാടത്തില്‍ നിന്ന് തന്നെ കൈകള്‍ അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുക, കൈകള്‍ കഴുകേണ്ട ശരിയായ രീതി പഠിപ്പിക്കുക, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന സേവനം.

ഇതിനുപുറമെ, ജുമുഅ നിസ്‌കാരത്തിന് ശേഷം കൊവിഡ് പ്രതിരോധത്തെ കുറിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ
അഹ്മദ് ഉഖൈലി , അബ്ദുല്ല അല്‍ ഫള്‌ല് എന്നിവരോടൊപ്പം
കിഴക്കന്‍ പ്രവിശ്യയിലെ സ്വഫ്‌വ അല്‍ ജാമിഉല്‍ കബീര്‍ മസ്ജിദില്‍ ഷൗക്കത്ത് സഖാഫി ഇരിങ്ങല്ലൂര്‍ വിദേശികളെ വിവിധ ഭാഷകളില്‍ ബോധവത്കരണം നടത്തുന്നു.

വളണ്ടിയര്‍ സേവനത്തിനായി ആരോഗ്യ മന്ത്രാലയം ആവിഷ്‌കരിച്ച പഠന കോഴ്‌സില്‍ പങ്കെടുക്കാനും പരീക്ഷക്കും നിരവധി പേര്‍ക്ക് ഐ സി എഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കൊവിഡ് ഹെല്‍പ് ഡെസ്‌ക് പ്രത്യേക പരിശീലനം നല്‍കി. പരിശീലനം നേടി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിക്കാന്‍ കാത്തിരിക്കുകയാണ്.

ഐ സി എഫ് ഹെല്‍പ് ഡെസ്‌കിന് കീഴില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ബഷീര്‍ ഉള്ളണം, നിസാര്‍ കാട്ടില്‍, സലീം പാലച്ചിറ, ഉമര്‍ സഖാഫി മൂര്‍ക്കനാട്, അന്‍വര്‍ കളറോട്, കരീം ഖാസിമി എന്നിവര്‍ ഹെല്‍പ് ഡെസ്‌കിന് നേതൃത്വം നല്‍കുന്നു.