Connect with us

Covid19

കൊവിഡ്: അമിത് ഷാ -കെജ്രിവാൾ കൂടിക്കാഴ്ച നാളെ

Published

|

Last Updated

ന്യൂഡൽഹി| രാജ്യതലസ്ഥാനത്തെ കൊറോണവൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ്‌വർധൻ സിംഗ്, ലഫ്.ഗവർണർ അനിൽ ബൈജാൽ എന്നിവർ നാളെ രാവിലെ 11ന് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. നഗരത്തിൽ രോഗവ്യാപനം ഉയരുന്നതിനിടെ നടക്കുന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളും എയിംസ് ഡയറക്ടറും പങ്കെടുക്കും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം കെജ്രിവാളും അമിത് ഷായും ആഭ്യന്തരമന്ത്രിയുടെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ സഹകരണവും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളിൽ 2,137 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ നിലവിൽ രോഗികളുടെ എണ്ണം 36,000 കടന്നു. 1,214 പേരാണ് ഇതുവരെ മരിച്ചത്. ദേശീയ തലസ്ഥാനത്തെ ഭയാനകവും ദയനീയവുമായ അവസ്ഥയെ കുറിച്ച് സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. വൈറസ് രോഗികളെ മൃഗങ്ങളേക്കാൾ മോശമായാണ് പരിഗണിക്കുന്നതെന്നും കോടതി ആരോപിച്ചിരുന്നു.