Gulf
ദുബൈ പോലീസിന് അന്താരാഷ്ട്ര സുരക്ഷാ പുരസ്‌കാരം

ദുബൈ | ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ അന്താരാഷ്ട്ര സുരക്ഷാ പുരസ്‌കാരം ദുബൈ പോലീസിന്. രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ-സുരക്ഷാ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഫോറെൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ഡിപ്പാർട്‌മെന്റിനാണ് പുരസ്‌കാരം.
ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷവും സുരക്ഷയുമാണ് ഒരുക്കുന്നതെന്ന് ഫോറെൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ഡിപ്പാർട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ അഹ്മദ് ഈദ് അൽ മൻസൂരി പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കും സ്വത്തിനും മികച്ച സാഹചര്യം ഒരുക്കുന്നതിനും ദുബൈ പോലീസ് പ്രതിജ്ഞാബദ്ധമാണ്, ഇതിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് അദ്ദേഹം വ്യക്തമാക്കി.
പോലീസ് ഫോറൻസിക് ടീം തങ്ങളുടെ ജോലികളിൽ മികച്ച നിലവാരമാണ് കാഴ്ചവെക്കുന്നത്. പരിശീലനം, അപകടങ്ങളുടെ അന്വേഷണം തുടങ്ങിയവയിലെല്ലാം അന്താരാഷ്ട്ര ഐ എസ് ഒ മാനദണ്ഡങ്ങളോടെയുള്ള നടപടികൾ പിന്തുടരുന്നു, ഫോറൻസിക് എൻജിനിയറിംഗ് സെക്ഷൻ മേധാവി മേജർ മുഹമ്മദ് അൽ ഖസീം വ്യക്തമാക്കി.