Aksharam Education
വായ്ക്കുള്ളിലെ കുട്ടിപ്പട്ടാള്ളം
മനോഹരമായ പുഞ്ചിരി ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ. പുഞ്ചിരിക്ക് തിളക്കം കൂട്ടുന്ന മുത്തുകളാണ് പല്ലുകൾ. നാം കഴിക്കുന്ന ആഹാരത്തെ ദഹനത്തിന് പാകമാക്കി മാറ്റുന്ന ഈ കുട്ടിപ്പട്ടാളത്തിന്റെ ഘടന വിശദമായി പരിശോധിക്കാം.
പല്ലുകളുടെ അത്ഭുതകരമായ ഘടന
നമ്മുടെ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണെന്ന് അറിയാമോ? പലരും വിചാരിക്കുന്നത് എല്ലുകളാണെന്നാണ്. എന്നാൽ, ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ വജ്രം നമ്മുടെ വായ്ക്കുള്ളിൽ തന്നെയുണ്ട്. പല്ലുകൾ അത്ഭുതകരമായ ഒരു ഘടനയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ആഹാരം ചവച്ചരച്ച് കഴിക്കാനും വ്യക്തമായി സംസാരിക്കാനും മുഖത്തിന് നല്ലൊരു ആകൃതി നൽകാനും പല്ലുകൾ അത്യാവശ്യമാണ്. പത്താം ക്ലാസ്സിലെ ജീവശാസ്ത്ര പഠനത്തിൽ ദഹനവ്യവസ്ഥയെക്കുറിച്ച് പഠിക്കുമ്പോൾ പല്ലുകളുടെ ഘടനയും അവയുടെ തരങ്ങളും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
മനുഷ്യരിൽ ജീവിതകാലത്ത് രണ്ട് ഘട്ടങ്ങളായാണ് പല്ലുകൾ മുളയ്ക്കുന്നത്. കുട്ടിക്കാലത്തുണ്ടാകുന്ന പാൽപ്പല്ലുകളും അവ കൊഴിഞ്ഞതിനുശേഷം വരുന്ന സ്ഥിരദന്തങ്ങളും. മുതിർന്ന ഒരാൾക്ക് 32 സ്ഥിര ദന്തങ്ങളാണുള്ളത്.
പല്ലുകൾ നാല് തരം
താടിയെല്ലുകളിലെ സ്ഥാനവും അവ ചെയ്യുന്ന ജോലിയും അനുസരിച്ച് പല്ലുകളെ നാലായി തരംതിരിക്കാം. മുൻനിരയിൽ കാണുന്ന പരന്ന പല്ലുകളാണ് ഉളിപ്പല്ലുകൾ. എട്ടെണ്ണമാണ് ഇവ. ആഹാരസാധനങ്ങൾ കടിച്ചു മുറിക്കാൻ ഇവ സഹായിക്കുന്നു. ഉളിപ്പല്ലുകൾക്ക് ഇരുവശത്തുമായി കാണുന്ന കൂർത്ത പല്ലുകളാണ് കോമ്പല്ലുകൾ. നാലെണ്ണമാണിത്.
മാംസാഹാരികളായ മൃഗങ്ങളിൽ ഇവ വളരെ നീളമുള്ളതായിരിക്കും. കോമ്പല്ലുകൾക്ക് തൊട്ടുപിന്നിൽ കാണപ്പെടുന്ന എട്ട് അഗ്രചർവണകങ്ങൾ ആഹാരം ചവച്ചരക്കാൻ സഹായിക്കുന്നു.
(Molars): വായുടെ ഏറ്റവും ഉള്ളിലായി കാണുന്ന വീതിയേറിയ പല്ലുകളായ ചർവണകങ്ങൾ ആഹാരം നന്നായി അരച്ചെടുക്കാൻ സഹായിക്കുന്നു. ഏറ്റവും ഒടുവിൽ മുളയ്ക്കുന്ന അണപ്പല്ലുകളെ ബുദ്ധിപ്പല്ല് എന്നാണ് വിളിക്കുന്നത്. 12 എണ്ണമാണ് ഇവ ഉണ്ടാകുക.
ആന്തരിക ഘടന
ഒരു പല്ലിനെ പ്രധാനമായും മൂന്ന് ഭാഗങ്ങളായി തിരിക്കാം: പുറത്തേക്ക് കാണുന്ന ഭാഗം മകുടം, ഈറിനോട് ചേർന്ന ഭാഗം കഴുത്ത്, താടിയെല്ലിനുള്ളിലെ കുഴിയിൽ ഇറങ്ങിയിരിക്കുന്ന വേര് ഭാഗം.
വിവിധ പാളികൾ
ഇനാമൽ: പല്ലിന്റെ ഏറ്റവും പുറമെയുള്ള വെളുത്ത പാളിയായ ഇനാമൽ മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ കോശജാലമാണ്. പല്ലുകൾക്ക് സംരക്ഷണം നൽകുന്നത് ഇനാമലാണെങ്കിലും ഇതിന് ജീവനില്ല.
ഡെന്റിൻ: ഇനാമലിന് തൊട്ടുതാഴെയുള്ള ജീവനുള്ള പാളിയാണിത്. പല്ലിന്റെ പ്രധാന ഭാഗവും ഡെന്റിനാണ്. ഇതിന് അസ്ഥികളേക്കാൾ കടുപ്പമുണ്ട്.
പൾപ്പ്: ഡെന്റിന് ഉള്ളിലെ മൃദുവായ അറയായ ഇതിലൂടെയാണ് രക്തക്കുഴലുകളും നാഡീതന്തുക്കളും കടന്നുപോകുന്നത്. പല്ലിന് ജീവൻ നൽകുന്നതും പോഷണം എത്തിക്കുന്നതുമെല്ലാം പൾപ്പാണ്.
സിമെന്റം: പല്ലിന്റെ വേരുഭാഗത്തെ ഡെന്റിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന കാത്സ്യം അടങ്ങിയ പാളിയാണിത്. പല്ലിനെ താടിയെല്ലിലെ കുഴിയിൽ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നത് സിമെന്റം ആണ്.
ദന്തസംരക്ഷണം
ഭക്ഷണത്തിലെ പഞ്ചസാരയുടെ അംശം വായിലുള്ള ബാക്ടീരിയകളുമായി ചേർന്ന് അമ്ലം ഉത്പാദിപ്പിക്കുന്നു. ഈ അമ്ലം ഇനാമലിനെ നശിപ്പിക്കുന്നതാണ് പൽക്ഷയം. ദിവസവും രാവിലെയും രാത്രിയും ബ്രഷ് ചെയ്യുക, മധുരമുള്ള ആഹാരങ്ങൾ കഴിച്ച ശേഷം വായ നന്നായി കഴുകുക, കാത്സ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക തുടങ്ങിയവയെല്ലാം ദന്തസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
Content Highlights:
The human tooth is made of the body’s hardest substance, enamel, protecting dentin, pulp, and cementum layers. Humans develop 32 permanent teeth categorized into incisors, canines, premolars, and molars. Proper dental hygiene, including brushing twice daily and reducing sugar, prevents tooth decay.





