Covid19
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം

തിരുവനന്തപുരം | വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സംസ്ഥാനത്തേക്ക് എത്തുന്നവര്‍ കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ട് കരുതണമെന്നാണ് സര്‍ക്കാര്‍ വ്യവസ്ഥ. ഇക്കാര്യം വിവിധ പ്രവാസി സംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു കഴിഞഅഞു. ഈമാസം 20 മുതല്‍ കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. ഇനി മുതല്‍ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായവരെ മാത്രമേ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നാട്ടിലെത്തിക്കാന്‍ പാടുള്ളുവെന്നാണ് ഗള്‍ഫിലെ സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കേരളസമാജം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിലാണ് കൊവിഡ് നെഗറ്റീവ് ഫലം ഉറപ്പുവരുത്തിയവര്‍ മാത്രമേ കേരളത്തിലേക്ക് വരാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ബഹറൈനിലെ സര്‍ക്കാര്‍ ആശുത്രികളില്‍ രോഗലക്ഷണങ്ങളുള്ളവരെ മാത്രമേ കൊവിഡ് പരിശോധനക്ക് വിധേയരാക്കൂ. സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ പരിശോധന്ക്ക് എണ്ണായിരം മുതല്‍ പതിനായിരം രൂപവരെയാണ് ഈടാക്കുന്നത്. ഒരു ദിവസം മുപ്പതു പേരെ മാത്രമേ പരിശോധിക്കുകയുമുള്ളൂ. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച പുറപ്പെടുന്ന വിമാനത്തില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ അയക്കാവൂവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാനാവില്ലെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം 20വരെ ഇളവ് അനുവദിച്ച സര്‍ക്കാര്‍ അതിന്‌ശേഷം നാട്ടിലേക്ക് വരുന്നവര്‍ രോഗമില്ലെന്ന് ഉറപ്പു വരുത്തണമെന്നറിയിച്ച് വിമാനം ചാര്‍ട്ട് ചെയ്യുന്ന സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.