National
ഒരു പേരിലെന്തിരിക്കുന്നു? കൊറോണക്കിടയിലും തമിഴ്‌നാട് സർക്കാർ പേരുമാറ്റത്തിന് പിന്നിൽ

ചെന്നൈ| കൊറോണവൈറസ് മഹാമാരിക്കിടെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള സർക്കാർ തീരുമാനം തമിഴ്‌നാട്ടിൽ ചർച്ചാ വിഷയമാകുന്നു. നിരവധി നഗരങ്ങളുടെയും പ്രധാന സ്ഥലങ്ങളുടെയും പേരുകൾ പൂർണമായും തമിഴിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ് നിരവധി പേർ രംഗത്തെത്തിയത്.
ഇംഗ്ലീഷ് ഉച്ഛാരണം വരുന്ന സ്ഥലപ്പേരുകൾ തമിഴിലേക്ക് മാറ്റുമെന്ന് രണ്ട് വർഷം മുമ്പാണ് അന്നത്തെ മുഖ്യമന്ത്രി സഭയിൽ അറിയിച്ചത്. സ്ഥലപ്പേരുകളുടെ ഇംഗ്ലീഷ് പേരുകൾ തമിഴ് പേരുകളുടെ ഉച്ഛാരണവുമായി ഏറെ വേറിട്ട് നിൽക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു
കോയമ്പത്തൂർ കോയംപുത്തൂർ, അംബട്ടൂർ അംബത്തൂർ, നാഗർകോവിൽ നാഗർകോയിൽ, വെല്ലൂർ വേലൂർ, സെയ്ദാപേട്ട് സയ്താപേട്ടൈ, അഡയാർ അഡയാരു എന്നിങ്ങനെയാണ് ചില പ്രധാന മാറ്റങ്ങൾ. എന്നാൽ ഈ തീരുമാനം നടപ്പാക്കാൻ മുമ്പ് തന്നെ നടപടികൾ സ്വീകരിച്ചിരുന്നതായും മാസങ്ങളോളം ഇതിനായി പരിശ്രമിച്ചതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വരും അഴ്ചകളിൽ ഇത് പൂർണമായും നടപ്പാക്കും.
1,018 സ്ഥലപ്പേരുകളാണ് ഇംഗ്ലീഷിൽ നിന്ന് തമിഴ് ഉച്ഛാരണത്തിലേക്ക് മാറ്റിയത് . ഭാഷാ വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരമാണ് പേര് മാറ്റം. ഇത് സംബന്ധിച്ച തുടർനടപടികൾ ജില്ലാ കലക്ടർമാർ സ്വീകരിക്കും. ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് തീരുമാനം നടപ്പാക്കുക. 2018-19 വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കാര്യമാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്