Connect with us

Covid19

രോഗബാധിതര്‍ കൂടി; തൃശൂരില്‍ നാല് പ്രദേശങ്ങള്‍ കൂടി കണ്ടെയ്‌മെന്റ് സോണ്‍

Published

|

Last Updated

തൃശൂര്‍ | കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂര്‍ ജില്ലയിലെ നാല് പ്രദേശങ്ങള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ ആകെ പത്ത് കണ്ടെയ്‌മെന്റ് സോണുകളായി.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗങ്ങള്‍ (ഒന്ന് മുതല്‍ നാല് വരെയും 16 മുതല്‍ 32 വരെയുമുള്ള വാര്‍ഡുകള്‍), തൃശൂര്‍ കോര്‍പറേഷനിലെ 24 മുതല്‍ 34 വരെയുള്ള ഡിവിഷനുകളും 41ാം ഡിവിഷനും ഉള്‍പ്പെട്ട പ്രദേശം എന്നിവയെയാണ് പുതുതായി കണ്ടെയ്‌മെന്റ് സോണുകളാക്കിയത്.

ഇവിടങ്ങളില്‍ ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 144 പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യസര്‍വീസുകള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കരുത്.

നേരത്തെ, വടക്കേകാട്, അടാട്ട്, അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതല്‍ പത്ത് വരെയും 32 മുതല്‍ 41 വരെയുമുളള വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ 25 പേര്‍ക്ക് രോഗബാധ

ജില്ലയില്‍ 25 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. ഏഴ് പേര്‍ രോഗമുക്തരായി.

14 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കും രോഗബാധയുണ്ടായി. മെയ് 31 ന് മുംബെയില്‍ നിന്നും വന്ന ചാലക്കുടി സ്വദേശികളായ 6 വയസ്സുകാരി, 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 35 വയസ്സുള്ള യുവതി, ജൂണ്‍ 02 ന് കുവൈറ്റില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി (45), ആഫ്രിക്കയില്‍ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (40), ജൂണ്‍ 01 ന് ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (30), മുംബെയില്‍ നിന്നും വന്ന പൂമംഗലം സ്വദേശി (36), ജൂണ്‍ 04 ന് മുംബെയില്‍ നിന്നും വന്ന പുറനാട്ടുകര സ്വദേശി (22), പശ്ചിമ ബംഗാളില്‍ നിന്നും വന്ന പൂങ്കുന്നം സ്വദേശി (24), ജൂണ്‍ 02 ന് മധ്യപ്രദേശില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22), ജൂണ്‍ 02 ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56), കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25), അഞ്ചേരി സ്വദേശി (32), തൃശൂര്‍ സ്വദേശി (26), കുട്ടനെല്ലൂര്‍ സ്വദേശി (30), കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂര്‍ സ്വദേശി (54), ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി (37), ആരോഗ്യ പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി (51), ആശാ പ്രവര്‍ത്തകയായ ചാവക്കാട് സ്വദേശിനി (51), ആരോഗ്യ പ്രവര്‍ത്തകയായ പറപ്പൂര്‍ സ്വദേശിനി (34), ആരോഗ്യ പ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി (30), ക്വാറന്റയിനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33), എന്നിവരുള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12834 പേരും ആശുപത്രികളില്‍ 169 പേരും ഉള്‍പ്പെടെ ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്.

Latest