Connect with us

Kerala

കുഞ്ഞനന്തന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിച്ച നേതാവ്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി അടക്കുള്ള സി പി എം നേതാക്കള്‍. പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂര്‍ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തനെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു. ജനകീയനായ നേതാവിനെ കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. സഖാവ് കുഞ്ഞനന്തന്റെ വിയോഗം പാര്‍ട്ടിക്ക് ഏറ്റ കനത്ത നഷ്ടമാണെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു കുഞ്ഞനന്തനെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ എട്ട് വര്‍ഷം പീഡനകാലമായിരുന്നു. കള്ളക്കേസും കള്ളപ്രചാര വേലയും കുഞ്ഞനന്തേട്ടന്‍ എന്ന കമ്മ്യൂണിസ്റ്റിനെ വേട്ടയാടിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. പാനൂരിലും പരിസരത്തും മാര്‍കിസ്റ്റ് വിരുദ്ധരുടെ കടന്നാക്രമങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞനന്തെന്ന് പി ജയരാജന്‍ അനുസ്മരിച്ചു. ആര്‍ എസ് എസ് പോലുള്ള വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതില്‍ നേതൃപരമായ പങ്ക് അദ്ദേഹം വഹിച്ചെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest