National
സംവരണം മൗലികാവകാശമല്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി

ന്യൂഡൽഹി| സംവരണത്തിനുള്ള അവകാശം മൗലികാവകാശമല്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. തമിഴ്‌നാട് മെഡിക്കൽ കോളജിലെ ഒ ബി സി വിദ്യാർഥികൾക്കുള്ള ക്വാട്ട സംബന്ധിച്ച് കേസുകൾ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും അതിനാൽ ക്വാട്ട ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് ഏതെങ്കിലും ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.
സംവരണാവകാശം മൗലികാവകാശമല്ല. അതാണ് ഇന്നത്തെ നിയമം. തമിഴ്‌നാട് മെഡിക്കൽ കോളജുകളിൽ ഒ ബിസി വിദ്യാർഥികൾക്കായി സീറ്റുകൾ നീക്കിവെക്കാതെ മൗലികാവകാശം നടത്തിയെന്നാരോപിച്ച് നൽകിയ പരാതിയിലായിരുന്നു റാവുവിന്റെ പരാമർശം. 2020-21ൽ ബിരുദ-ബിരുദാനന്തര മെഡിക്കൽ ദന്തൽ കോഴ്‌സുകൾക്ക് അഖിലേന്ത്യാ ക്വാട്ടയിൽ 50 ശതമാനം ഒ ബി സി സീറ്റുകൾ സംവരണം വേണമെന്നാവശ്യപ്പെട്ട് സി പി ഐ- ഡി എം കെ ഉൾപ്പെടെയുള്ള പാർട്ടികൾ ഹരജികൾ സമർപ്പിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഒ ബി സി എസ് സി /എസ് ടി എന്നിവക്ക് 69 ശതമാനം സംവരണം ഉണ്ടെന്നും ഒ ബി സിക്ക് 50 ശതമാനം മാത്രമാണ് സംവരണമെന്നും അവർ പറഞ്ഞു. കേന്ദം ഒഴികെയുള്ള അഖിലേന്ത്യാ ക്വാട്ടയിൽഒ ബി സികാർക്ക് 50 ശതമാനം സീറ്റുകൾ നൽകണമെന്നും ഹരജിയിൽ പറയുന്നു.
സർക്കാർ ജോലിയിലെ പ്രൊമോഷനിൽ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഫെബ്രുവരി എഴിന് മറ്റൊരു കേസിൽ വ്യക്തമാക്കിയിരുന്നു. സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾ ബാദ്ധ്യസ്ഥമല്ലെന്നും സംവരണം നൽകാൻ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കാൻ കോടതികൾക്കാവില്ലെന്നുമാണ് ജസ്റ്റിസ്മാരായ എൽ. നാഗേശ്വർ റാവുവും ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ച് സുപ്രധാന വിധിയിൽ അന്ന് വ്യക്തമാക്കിയത്.
ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിൽ എസ് സി / എസ് ടി വിഭാഗത്തിന് സംസ്ഥാന സർക്കാർ നിഷേധിച്ച സ്ഥാനക്കയറ്റം നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലായിരുന്നു വിധി. ഈ വിധി വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരുന്നത്. തുടർന്ന് സർക്കാർ ജോലിക്കും, സ്ഥാനക്കയറ്റത്തിനും സംവരണം മൗലികാവകാശം അല്ല എന്ന സുപ്രിംകോടതി വിധിയിൽ കേന്ദ്ര സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് രാജ്യസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.