Connect with us

International

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍: ഇസ്‌റാഈലിന് മുന്നറിയിപ്പുമായി ജര്‍മനി

Published

|

Last Updated

ബര്‍ലിന്‍ | അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കാനുള്ള ഇസ്‌റാഈലിന്റെ ശ്രമത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ജര്‍മനി. ബുധനാഴ്ച ജറുസലേം സന്ദര്‍ശിച്ച ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹീകോ മാസ് ആണ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം, ഇസ്‌റാഈല്‍ കൂട്ടിച്ചേര്‍ക്കല്‍ ആരംഭിച്ചാല്‍ അതിനോട് എങ്ങനെയാണ് ജര്‍മനിയും യൂറോപ്പും പ്രതികരിക്കുകയെന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി ഒന്നും വ്യക്തമാക്കിയിട്ടില്ല.

ഫലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ നിയമവിരുദ്ധ കുടിയേറ്റം നടത്തിയിട്ടുണ്ട്. വരും ആഴ്ചകളില്‍ വെസ്റ്റ് ബാങ്കിനെ ഇസ്‌റാഈലിന്റെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു. മിഡില്‍ ഈസ്റ്റ് പദ്ധതിയെന്ന പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി അനുസരിച്ചാണ് നെതന്യാഹുവിന്റെ നീക്കം.

ഇസ്‌റാഈലുമായി ജര്‍മനിയും യൂറോപ്യന്‍ യൂനിയനും ചര്‍ച്ച നടത്തണമെന്ന് മന്ത്രി മാസ് പറഞ്ഞു. അന്താരാഷ്ട്ര നിയമമനുസരിച്ച് കൂട്ടിച്ചേര്‍ക്കല്‍ അനധികൃതമെന്നാണ് യൂറോപ്പ് കണക്കാക്കുന്നത്. പുതിയ സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ച് അറിയാനാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഇസ്‌റാഈലിലെത്തിയത്.