Covid19
കൊറോണ: യു എ ഇ കോശ ചികിത്സ ഫലപ്രദം

ദുബൈ | കൊറോണക്കെതിരെ യു എഇ വികസിപ്പിച്ച കോശ ചികിത്സ ഫലപ്രദമെന്ന് ആരോഗ്യ വിദഗ്ധർ. ‘സ്റ്റെം സെൽ തെറാപ്പി” സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും അബുദാബി സ്റ്റെം സെൽ സെന്റർ (എ ഡി എസ് സി സി) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇത് കൊവിഡ് -19 ചികിത്സയുടെ ഭാഗമാക്കാൻ യു എ ഇ തയാറെടുക്കുന്നു. മിതമായതും കഠിനവുമായ ലക്ഷണങ്ങളുള്ള 73 കൊവിഡ് -19 രോഗികളിലാണ് പരീക്ഷിച്ചത്. എല്ലാ രോഗികളിലും നന്നായി പ്രതികരിച്ചു. ഫലങ്ങൾ പ്രാഥമികമാണെന്നും കൂടുതൽ വിശകലനം ആവശ്യമാണെന്നും ഗവേഷകർ പറഞ്ഞു. ചികിത്സക്ക് ബൗദ്ധിക സ്വത്തവകാശ സംരക്ഷണം നേടിയിട്ടുണ്ട്. സാങ്കേതികവിദ്യ വ്യാപകമായി പങ്കിടാനുള്ള വഴി തുറക്കുന്നു. കൂടുതൽ രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
“കോശ ചികിത്സ ലഭിച്ച രോഗികൾ സാധാരണ ചികിത്സ ലഭിച്ചവരേക്കാൾ വേഗത്തിൽ മെച്ചപ്പെട്ടു,”” ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും സ്‌പെഷ്യലിസ്റ്റ് ഹെമറ്റോളജിസ്റ്റുമായ ഡോ. ഫാത്വിമ അൽ കഅബി പറഞ്ഞു.രോഗികൾ ഏഴു ദിവസത്തിനുള്ളിൽ 3.1 മടങ്ങ് കൂടുതൽ സുഖം പ്രാപിച്ചു. ചികിത്സ ലഭിച്ച 67 ശതമാനം രോഗികളും ഈ വീണ്ടെടുക്കലിന് നൂതനമായ ചികിത്സക്ക് കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു.
ഹീമോഗ്ലോബിൻ അളവ് പത്തിൽ താഴെ, രക്താണുബാധ, അർബുദ ചരിത്രം, എന്നിങ്ങനെയുള്ളവർക്കു, സാധാരണ പ്രോട്ടോക്കോളിന്റെ ഭാഗമല്ലാത്ത ഏതെങ്കിലും ചികിത്സ ലഭിക്കുകയാണെങ്കിൽ, പുതിയ ചികിത്സ നൽകില്ല. 18 വയസ്സിന് താഴെയുള്ള രോഗികളെയും ഒഴിവാക്കി. ആസ്ത്മ, സി പി ഡി, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്നതിനുള്ള ഫലപ്രാപ്തി (ഘട്ടം 3 ട്രയൽ) പരിശോധന വിധേയമാണ്, ഡോ. ഫാത്വിമ അൽകഅബി പറഞ്ഞു.