National
രാഷ്ട്രീയം കളിച്ചാൽ കൊറോണ വിജയിക്കും; ലഫ്. ഗവർണറുടെ ഉത്തരവ് പാലിക്കും: അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി| കൊറോണ വൈറസ് സംബന്ധിച്ച് ലെഫ്റ്റനന്റ് ഗവർണർ സ്വീകരിച്ച ഉത്തരവുകൾ പാലിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് രാഷ്ട്രീയത്തിന്റേയും അഭിപ്രായവ്യത്യാസങ്ങളുടെയും സമയമല്ലെന്നും അദ്ദേഹം വീഡിയോ കോൺഫറൻസിംഗ് വഴി പറഞ്ഞു. കേന്ദ്രത്തെ വിസമ്മിതിക്കാനുള്ള സമയമല്ലിത്. എന്ത് ചെയ്യണമെന്ന ലഫ്. ഗവർണർ ഉത്തരവിറക്കിയിട്ടുണ്ട്. ആ തീരുമാനം നടപ്പിലാക്കും. ഈ സമയം രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോരടിച്ചാൽ ഒടുവിൽ വിജയിക്കുന്നത് കൊറോണ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി സംസ്ഥാന സർക്കാരിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിക്കാർക്ക് മാത്രമേ ചികിത്സ നൽകുകയുള്ളൂവെന്ന് കെജ്രിവാൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പരിമിതമായ ബെഡ് സൗകര്യം മാത്രമേ ഉള്ളുവെന്നും അതനുസരിച്ച് രോഗികൾക്ക് ചികിത്സ നൽകണമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ, ലഫ്. ഗവർണർ അനിൽ ബെയ്ജാൽ ഈ പ്രഖ്യാപനം തള്ളുകയും വിവേചനം കൂടാതെ എല്ലാ രോഗികൾക്കും ഡൽഹിയിൽ ചികിത്സ നൽകുമെന്നും ഉത്തരവിറക്കി. ഈ ഉത്തരവ് പാലിക്കുമെന്നാണ് കെജ്രിവാൾ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ജൂൺ 15 നകം 44,000 കേസുകളും ജൂൺ 30 നകം ഒരു ലക്ഷവും ജൂലൈ 15 നകം 2.25 ലക്ഷം കേസുകളും ജൂലൈ 31 നകം 5.5 ലക്ഷവും കേസുകളുണ്ടാകുമെന്ന് ദില്ലി സർക്കാരിന്റെ കണക്ക്. ഇത് വലിയ വെല്ലുവിളിയാണ്. ജൂലൈ 31 നകം ഞങ്ങൾക്ക് മൊത്തം 1.5 ലക്ഷം കിടക്കകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.