Connect with us

National

ഗൂഗിള്‍ മാപ്‌സില്‍ ഇനി അമിതാഭ് ബച്ചന്‍ വഴിപറഞ്ഞുതരും?

Published

|

Last Updated

മുംബൈ | ഗൂഗിള്‍ മാപ്‌സ് വോയിസ് നാവിഗേഷന്‍ ഇനി പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ കേള്‍ക്കാം. നാവിഗേഷന് ശബ്ദം നല്‍കാന്‍ ഗൂഗിള്‍ ബച്ചനെ സമിപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഗൂഗിള്‍ ബച്ചന് വന്‍ പ്രതിഫലം ഓഫര്‍ ചെയ്തതായി മിഡ് ഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബച്ചനോ, ഗൂഗിള്‍ കേന്ദ്രങ്ങളോ പ്രതികരിച്ചിട്ടില്ല.

ഗൂഗിളുമായി ബച്ചന്‍ ചര്‍ച്ചകള്‍ നടത്തിവരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 77 കാരനായ താരം ഓഫര്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്തു നല്‍കുമെന്നാണ് വിവരം.

ഗംഭീര സ്വരത്തിന് ഉടമയാണ് അമിതാഭ് ബച്ചന്‍. മുമ്പ് ഒരിക്കല്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ ഓഡിഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ട ബച്ചന്‍് പിന്നീട് ശബ്ദ മേഖലയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. നിരവധി സിനിമകളില്‍ അദ്ദേഹം നരേഷന്‍ നല്‍കിയിട്ടുണ്ട്. 2005 ല്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ മാര്‍ച്ച് ഓഫ് പെന്‍ഗ്വിന്‍സ് എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയത് ബച്ചനാണ്.

2018ല്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയില്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ കഥാപാത്രമായ ഫിറംഗിയുടെ ഡയലോഗുകള്‍ ഗൂഗിള്‍ മാപ്‌സില്‍ ഉള്‍പ്പെടുത്തുന്നതിനായി ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ യാഷ് രാജ് ഫിലിംസുമായി ഗൂഗിള്‍ കൈകോര്‍ത്തിരുന്നു. മാപ്പിംഗ് സേവനത്തിനായി ബോളിവുഡുമായി ഗൂഗിള്‍ നടത്തിയ ആദ്യത്തെ വലിയ ഇടപാടായിരുന്നു ഇത്.

Latest