Kerala
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കാതെ സര്‍ക്കാര്‍; എതിര്‍പ്പുമായി സി പി ഐ

തൃശൂര്‍ | അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കെ എസ് ഇ ബിക്ക് സര്‍ക്കാര്‍ അനുമതി. സി പി ഐ അടക്കമുള്ള ഭരണകക്ഷികളുടേയും പ്രതിപക്ഷത്തിന്റേയും എതിര്‍പ്പ് നിലനില്‍ക്കെയാണ് ഈ നീക്കം. സാങ്കേതിക പാരിസ്ഥിതിക അനുമതികള്‍ക്കായുള്ള നടപടികള്‍ തുടങ്ങാന്‍ കെ എസ് ഇ ബിക്ക് സര്‍ക്കാര്‍ എന്‍ ഒ സി നല്‍കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിന് ഇറങ്ങിയ എന്‍ ഒ സിക്ക് ഏഴു വര്‍ഷത്തെ കാലാവധിയാണുള്ളത്. പദ്ധതിക്ക് നേരത്തെ ലഭിച്ച അനുമതികള്‍ കാലഹരണപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എന്‍ ഒ സി അനുവദിച്ചത്.
എന്നാല്‍ പദ്ധതി ഉപേക്ഷിക്കണമെന്നും പുതിയ നീക്കം ദുരുദ്ദേശ്യപരമാണെന്നും സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം മാധ്യങ്ങളോട് പ്രതികരിച്ചു. ഇതിനു പിന്നില്‍ ആരായിരുന്നാലും അവര്‍ക്ക് എല്‍ ഡി എഫിന്റെ രാഷ്ട്രീയം അറിയില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നു. എല്‍ ഡി എഫ് ചര്‍ച്ച ചെയ്തിട്ടു വേണം ഇത്തരം നീക്കങ്ങളിലേക്ക് കടക്കാന്‍. നേരത്തെ ചര്‍ച്ച ചെയ്ത് ഉപേക്ഷിച്ച പദ്ധതിയാണിത്. പുതിയ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിപക്ഷം ശക്തായ പ്രക്ഷോഭങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്ന് രമേശ് ചെന്നിത്തിലയും മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. വലിയ പാരിസ്ഥിതിക നാശമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും ഇവര്‍ പറഞ്ഞു.