National
ട്രൈപോഡിന് പകരം ഹാംഗർ: സാമൂഹിക മാധ്യമങ്ങളിൽ വൈറലായി അധ്യാപികയുടെ രസതന്ത്ര ക്ലാസ്

മുംബൈ| കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡിജിറ്റൽ പഠനത്തിലാണ്. സ്‌കൂളുകൾ അടച്ചിട്ടതിനാൽ അധ്യാപകർ അവരുടെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തി റെക്കോർഡ് ചെയ്യുകയാണ്. ഇത്തരം നിരന്തര വെല്ലുവിളികൾക്കിടയിലാണ് അധ്യാപകർ ഡിജിറ്റൽ പഠനത്തിനായി സമയം കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ ഒരു രസതന്ത്ര അധ്യാപിക തന്റെ വിദ്യാർഥികളെ പഠിപ്പിക്കാൻ കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പുണെയിൽ നിന്നുള്ള രസതന്ത്ര അധ്യപികയായ മൗമിത ബിയാണ് ലോക്ക്ഡൗണിനിടയിൽ ക്ലാസ്മുറികളിലെന്ന ഓൺലൈനിൽ ക്ലാസുകൾ നടത്തുന്നത് എങ്ങിനെയെന്ന് വേറിട്ട വഴിയിലൂടെ നമുക്ക് കാണിച്ചു തരുന്നത്. ലിങ്ക്ഡ് ഇന്നിൽ മൗമിത പോസ്റ്റ് ചെയ്ത പഠിപ്പിക്കുന്നതിനിടെ ബോർഡിൽ എഴുതിയത് വിശദീകരിക്കുന്ന വീഡിയോ ആണ് ഇതിനകം വൈറലായത്. ട്രൈപോഡ് ഇല്ലാത്തതിനാൽ തന്റെ വിദ്യാർഥികൾക്ക് ബോർഡ് കാണുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഒരു ഹാംഗറാണ് ഇവർ ഉപയോഗിച്ചത്.
ഫോൺ ഹാംഗറുമായി ബന്ധിപ്പിച്ച് പ്ലാസ്റ്റിക് കസേരക്കും സീലിംഗിനുമിടയിൽ ഉറപ്പിപ്പ് ഒരു താത്കാലിക ട്രൈപോഡ് ഉണ്ടാക്കുകയായിരുന്നു. അങ്ങിനെ വരുമ്പോൾ വിദ്യാർഥികൾക്ക് ബോർഡിൽ എഴുതുന്നത് ക്ലാസ് മുറിക്കുള്ളിൽ നിന്നെന്ന പോലെ തന്നെ കാണാനാകും. എനിക്ക് ട്രൈപോഡ് ഇല്ലാത്തതിനാൽ വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനായി ഞാൻ ഒരു ഇന്ത്യൻ ജുഗാഡ് (ഹാംഗർ) ഉണ്ടാക്കിയെന്നാണ് ലിങ്ക്ഡ് ഇൻ പേജിൽ വീഡിയോ പങ്കുവെക്കുന്നതിനിടെ മൗമിത എഴുതിയത്.
ഈ വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം പേർ കാണുകയും 600ലധികം പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ സ്‌ക്രീൻഷോട്ടിന് അധ്യാപികയുടെ പ്രതിജ്ഞാ ബദ്ധതയെ പ്രശംസിച്ചും നിരവധിപേർ രംഗത്തെത്തി.