Connect with us

Kerala

നിഥിന്റെ ചേതനയറ്റ ശരീരം അവസാനമായി ആതിര കണ്ടു

Published

|

Last Updated

കോഴിക്കോട് |  പ്രവാസികളെ നാട്ടിലെത്തിക്കാനായി നിയമയുദ്ധം നടത്തിയ നിഥിന്റെ മൃതദേഹം കോഴിക്കോട്ട് എത്തിച്ചു. തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരം കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രി മോര്‍ച്ചറിക്ക് മുമ്പിലെത്തിച്ച് ആതിരയെ കാണിച്ചത് കണ്ടുനിന്നവരിലെല്ലാം നൊമ്പരമായി മാറി.

പുലര്‍ച്ചെ അഞ്ചിനാണ് എയര്‍ ആറേബ്യയുടെ പ്രത്യേകവിമാനത്തില്‍ മൃതദേഹം ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. വിമാനത്താവളത്തില്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് എട്ട് മണിയോടെ കോഴിക്കോട്ടേക്ക് തിരിച്ചു. 10.45ഓടെയാണ് ആംബുലന്‍സ് ആതിര പ്രസവിച്ച് കിടക്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇതിനിടെ ഈ ദുഃഖവാര്‍ത്ത ഡോക്ടര്‍മാര്‍ ആതിരയെ അറിയിച്ചിരുന്നു. ഡോക്ടര്‍മാരുടെ സംഘം ഐ സി യുവില്‍ എത്തിയാണ് നിഥിന്‍ യാത്രയായ വിവരം ആതിരയോട് പറഞ്ഞത്. നിഥിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം ആദ്യം ആതിരക്ക് മുമ്പിലെത്തിച്ചത്.

ആശുപത്രി ഐ സിയുവില്‍ നിന്ന് വീല്‍ചെയറില്‍ ആതിരയെ നഴ്‌സുമാരും ബന്ധുക്കളും ചേര്‍ന്ന് ആംബുലന്‍സിന് മുന്നിലെത്തിക്കുകയായിരുന്നു. രണ്ട് മിനുട്ടോളം മൃതദേഹത്തിന് അരികില്‍ വീല്‍ചെയറിലിരുന്ന ആതിര നിഥിന് അന്ത്യ ചുംബനം നല്‍കി യാത്രയാക്കി. തുടര്‍ന്ന് അടുത്ത ബന്ധുക്കളെ മാത്രം കാണിച്ച് 11 മണിയോടെ മൃതദേഹം സംസ്‌കാരത്തിനായി ജന്മനാടായ പേരാമ്പ്രയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം അടുത്ത ബന്ധുക്കളെ മാത്രം കാണിച്ച് വൈകിട്ട് സംസ്‌കരിക്കും.

കഴിഞ്ഞ ദിവസമാണ് ദുബൈയിലെ താമസസ്ഥലത്തു വച്ച് നിഥിന്‍ മരിച്ചത്.കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്താകമാനം ഉണ്ടായ ലോക്ക്ഡൗണിനിടെ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയാണ് നിഥിനും ഭാര്യ ആതിരയും രാജ്യത്ത് ശ്രദ്ധപിടിച്ചുപറ്റിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളെ കൊണ്ടുവരാനുള്ള ആദ്യ വിമാനത്തില്‍ തന്നെ ആതിരക്കും നിഥിനും ടിക്കറ്റ് ലഭിച്ചു. പക്ഷെ നിഥിന്റെ നല്ല മനസ് തന്നേക്കാള്‍ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്കായി ആ ടിക്കറ്റ് നല്‍കി. ആതിരയുടെ പ്രസവ സമയത്ത് നാട്ടിലെത്താമെന്ന് നിതിന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നിതിന്‍ മരപ്പെട്ടതായ വാര്‍ത്ത ബന്ധുക്കളെ തേടിയെത്തുകയായിരുന്നു.

 

 

Latest