Covid19
രാജ്യത്തെ കൊവിഡ് ബാധിതര്‍ രണ്ടേമുക്കാല്‍ ലക്ഷം കടന്നു

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന് കൂടുതല്‍ വേഗത കൈവന്നു. അതിവേഗം കൊവിഡ് പടരുന്നതില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന ഇന്ത്യയില്‍ ഇന്നലെ മാത്രം പതിനായിരത്തോളം കേസുകളാണുണ്ടായത്. 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 279 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,76,583 കേസുകളും 7745 മരണങ്ങളുമാണുണ്ടായത്. രോഗവ്യാപനത്തിന് ഇടയിലും ചെറിയ ആശ്വാസമായി രോഗം മുക്തരാകുന്നവരുടെ എണ്ണത്തിലെ വര്‍ധനകള്‍. കൊവിഡിന്റെ പിടിയില്‍ നിന്നും 1,35,206 പേരാണ് മോചിതരായത്. ചികിത്സയിലുള്ളത് 1,33,632 പേരാണ്. ഇത് ആദ്യമായാണ് രോഗം മുക്തരാകുന്നവര്‍ മുമ്പിലെത്തുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്.
രാജ്യത്ത് കൊവിഡിന്റെ കേന്ദ്രമായി മാറിയിരിക്കുന്ന മഹാരാഷ്ട്രയില്‍ ഇതിനകം 90787 കേസുകളും 3289 മരണവും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. 24 മണിക്കൂറിനിടെ മാത്രം 2259 കേസുകളും 120 മരണവുമുണ്ടായി. ഇന്നലെ 1681 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്ടില്‍ 21 മരണങ്ങളുമുണ്ടായി. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കേസുകള്‍ 34914 ആയി. മരണമാകട്ടെ 307ലെത്തി.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഒരു ഇടവേളക്ക് ശേഷം കൂടുതല്‍ ശക്തമായി. ഇപ്പോള്‍ രോഗം പടരുന്നതില്‍ ഭൂരിഭാഗത്തിന്റേയും ഉറവിടം വ്യക്തമല്ലെന്നത് ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. ഡല്‍ഹിയില്‍ ഇതുവരെ 31309 കേസും 905 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 1366 കേസുകളും 31 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവര്‍ക്ക് പോലും മികച്ച ചികിത്സ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രോഗം സ്ഥിരീകരിച്ച പലരും ആശുപത്രിയില്‍ സൗകര്യം ലഭിക്കാത്തതിനാല്‍ വീടുകളില്‍ കഴിയുകയാണെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. നിലവിലെ സ്ഥിതി പ്രകാരം മഹാരാഷ്ട്രയേക്കാല്‍ ഗുരുതരാവസ്ഥയിലേക്ക് ഡല്‍ഹി പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തില്‍ 21014 കേസും 1313 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 33 മരണം ഗുജറാത്തിലുണ്ടായി. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലെത്തി. രാജസ്ഥാനില്‍ 255, മധ്യപ്രദേശില്‍ 420, ഉത്തര്‍പ്രദേശില്‍ 301, ബംഗാളില്‍ 415 മരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.