National
ഡല്‍ഹി വംശഹത്യ: പുതിയ കുറ്റപത്രത്തിലും വിദ്വേഷ പ്രസംഗകരെ കുറിച്ച് മൗനം

ന്യൂഡല്‍ഹി | ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ വിദ്വേഷ പ്രസംഗകരെ കുറിച്ച് പരാമര്‍ശമില്ല. ഡിസംബര്‍ 13 മുതല്‍ ഫെബ്രുവരി 25 വരെയുള്ള സംഭവ വികാസങ്ങള്‍ അക്കമിട്ട് നിരത്തുന്ന കുറ്റപത്രത്തില്‍ ഒരിടത്തും ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തെ കുറിച്ച് പറയുന്നില്ല. സിഎഎ വിരുദ്ധ സമരത്തില്‍ ഏര്‍പെട്ട പ്രക്ഷോഭകരുടെയും ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെയും ഷഹീന്‍ ബാഗില്‍ സമരത്തില്‍ പങ്കെടുത്തവരുടെയും പങ്ക് സംബന്ധിച്ച് മാത്രമാണ് കുറ്റപത്രത്തില്‍ പരമാര്‍ശമുള്ളത്.
ഡല്‍ഹിയിലെ മൗജ്പൂരയില്‍ ഫെബ്രുവരി 23ന് നടന്ന സിഎഎ അനുകൂല റാലിയില്‍ കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗമാണ് ഡല്‍ഹിയില്‍ അന്തരീക്ഷം കലാപകലുശിതമാക്കിയത്. ജാഫ്രാബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് ആജ്ഞാപിച്ച കപില്‍ മിശ്ര പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്‍കാനായി മൗജ്പൂരില്‍ എത്തണമെന്നും ആഹ്വാനം ചെയ്തിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചുപോകുന്നത് വരെ സമാധാനം പാലിക്കുമെന്നും അത് കഴിഞ്ഞാല്‍ പൊലീസ് പറയുന്നത് കേള്‍ക്കാനുളള ബാധ്യത തങ്ങള്‍ക്കുണ്ടാവില്ലെന്നുമുള്ള കപില്‍ മിശയുടെ വാക്കുകള്‍ക്ക് പിന്നാലെ മൗജ്പൂരിലും പരിസര പ്രദേശങ്ങളിലും കലാപാന്തരീക്ഷം രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന് അരങ്ങേറിയ വംശഹത്യയില്‍ അമ്പതോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
പരസ്യമായി കലാപാഹ്വാനം നടത്തിയ കപില്‍ മിശ്ര ഉള്‍പ്പെടെ നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കാതിരുന്ന ഡല്‍ഹി പോലീസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വിമര്‍ശനമുന്നയിച്ച് ജഡ്ജിയെ സ്ഥലം മാറ്റിയാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത്.
കേസില്‍ ഇതുവരെ 783 എഫ്‌ഐആറും 70 കുറ്റപത്രങ്ങളും ഡല്‍ഹി പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുറ്റപത്രങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതികളാക്കി കേസിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാനുള്ള ശ്രമമാണ് ഡല്‍ഹി പോലീസ് നടത്തുന്നത്.