National
കര്‍ണാടകയില്‍ രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബി ജെ പി പ്രഖ്യാപിച്ചു

ബെംഗളൂരു | സംസ്ഥാന നേതൃത്വം നല്‍കിയ പേരുകള്‍ പൂര്‍ണമായും ഒഴിവാക്കി കര്‍ണാടകയില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലേക്ക് ബി ജെ പി കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒഴിവുള്ള നാല് സീറ്റില്‍ ബി ജെ പിക്ക് ഉറച്ച വിജയ പ്രതീക്ഷയുള്ള രണ്ട് സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബെല്‍ഗാമില്‍ നിന്നുള്ള ഈരണ്ണ കഡദി, റായ്ച്ചൂരില്‍നിന്നുള്ള അശോക് ഗസ്തി എന്നിവരെയാണ് കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥികളാക്കിയത്.
മുതിര്‍ന്ന നേതാക്കളായ പ്രകാശ് ഷെട്ടി, പ്രഭാകര്‍ കോറ, രമേശ് കട്ടി എന്നിവരുടെ പേരുകളായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും മുഖ്യമന്ത്രി യെദ്യൂരപ്പയും മുന്നോട്ടുവെച്ചിരുന്നത്. ഇതില്‍ ഒരാളെ പോലും പരിഗണിക്കാതെ ലിംഗായത്ത് സമുദായക്കാരനായ ഈരണ്ണയേയും ബി ജെ പി പിന്നാക്ക വിഭാഗം നേതാവായ അശോക് ഗസ്തിയേയും നേതൃത്വം പരിഗണിക്കുകയായിരുന്നു.
കര്‍ണാടകയില്‍ ബി ജെ പിക്കുള്ളില്‍ രൂക്ഷ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി യെദ്യൂരപ്പക്ക് പകരക്കാരനെ ദേശീയ നേതൃത്വം അന്വേഷിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണം പിടിക്കുന്നതില്‍ മുന്നില്‍ നിന്ന യെദ്യൂരപ്പയെ ഒറ്റയടിക്ക് തള്ളാനും നേതൃത്വത്തിന് കഴിയില്ല. എങ്കിലും ഇപ്പോള്‍ യെദ്യൂരപ്പയെ നിര്‍ദേശിച്ച പേരുകള്‍ ഒഴിവാക്കിയതിലൂടെ പുതിയ ഒരു നേതൃത്വം സംസ്ഥാനത്ത് തങ്ങള്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ നിലവിലെ വിഭാഗയത കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്.