Connect with us

Covid19

പത്ത് സംസ്ഥാനങ്ങളില്‍ വീടുകള്‍ തോറും സമഗ്ര പരിശോധനക്ക് ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധ രൂക്ഷമായ പത്ത് സംസ്ഥാനങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി സര്‍വേ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ സംസ്ഥാനങ്ങളിലെ 38 ജില്ലകളിലെ രോഗബാധ രൂക്ഷമായ 45 മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ വ്യാപക നിരീക്ഷണവും പരിശോധനയും നടത്തുവാനാണ് നിര്‍ദേശം.

മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ തിഞ്ഞെടുത്ത മുന്‍സിപ്പല്‍ പരിധിയിലാണ് പരിശോധന നടത്തുക. ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതും നിയന്ത്രണങ്ങള്‍ നീക്കുന്നതും കണക്കിലെടുത്ത്, വരും മാസങ്ങളില്‍ ജില്ല തിരിച്ചുള്ള ഭാവി പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുഡാനും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, ജില്ലാ ആശുപത്രികളുടെ സൂപ്രണ്ട്, മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് അവലോകന യോഗം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ പരിശോധന നടത്താന്‍ തീരുമാനമായത്.

വീടുതോറുമുള്ള സര്‍വേ, സര്‍വേ ടീമുകളുടെ എണ്ണം കൂട്ടല്‍, കാര്യക്ഷമമായ ആംബുലന്‍സ് മാനേജ്‌മെന്റ്, ആശുപത്രികളിലെ രോഗികളെ കാര്യക്ഷമമായി നിരീക്ഷിക്കല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേസുകളുടെ ക്ലിനിക്കല്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്യോഗസ്ഥരോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Latest