Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം- 14, കോഴിക്കോട്- 13, കാസര്‍കോട്- 8, കൊല്ലം, ആലപ്പുഴ- 5 വീതം, കണ്ണൂര്‍- 4, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം- 3 വീതം, വയനാട്- 2, പാലക്കാട്- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു എ ഇ- 42, കുവൈത്ത്- 15, ഒമാന്‍- 5, റഷ്യ- 4, നൈജീരിയ- 3, സഊദി അറേബ്യ- 2, ഇറ്റലി- 1, ജോര്‍ദാന്‍- 1) 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്നാട്- 6, ഡല്‍ഹി- 2, കര്‍ണാടക- 1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരിച്ചു. മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 16 ആയി.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍കോട് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും ഫലമാണ് നെഗറ്റീവ് ആയത്. 1,174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ രോഗമുക്തരായി.

വിമാനത്താവളം വഴി 49,065 ഉം സീപോര്‍ട്ട് വഴി 1621 ഉം ചെക്ക് പോസ്റ്റ് വഴി 1,23,029 ഉം റെയില്‍വേ വഴി 19,648 ഉം ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധിച്ചതില്‍ ലഭ്യമായ 82,362 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,110 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,923 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി ആറ് ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 150 ഹോട്ട് സ്പോട്ടുകളാണ് ആകെയുള്ളത്.

Latest