National
സ്വയം സുരക്ഷാ സംവിധാനങ്ങളൊരുക്കി പുതിയ വി വി ഐ പി വിമാനങ്ങൾ

ന്യൂഡൽഹി| പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മറ്റ് പ്രമുഖർക്കും വേണ്ടിയുള്ള രണ്ട് കസ്റ്റം നിർമിത ബി 777 വിമാനങ്ങൾ സെപ്തംബറോടെ ബോയിംഗ് എയർ ഇന്ത്യയിലെത്തിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ. വി വി ഐ പി യാത്രക്ക് മാത്രമായി നീക്കിവെച്ച ഈ രണ്ട് വിമാനങ്ങളുടെയും വിതരണം ജൂലൈ മാസത്തോടെ നടത്തുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞിരുന്നു. എന്നാൽ കൊവിഡ് 19 കാരണം കുറച്ച് കാലതാമസമുണ്ടായതായും വിമാനങ്ങൾ സെപ്തംബറോടെ എത്തിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. രണ്ട് വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നത് എയർ ഇന്ത്യയല്ലെന്നും വ്യോമസേനയുടെ പൈലറ്റുമാരാണെന്നും ഇവർ അറിയിച്ചു. എന്നാൽ ഇവയുടെ പരിപാലന ചുമതല എയർ ഇന്ത്യാ എൻജിനീയറിംഗ് സർവീസസ് ലിമിറ്റഡിന് ആയിരിക്കും.
നിലവിൽ എയർ ഇന്ത്യയുടെ ബി 747 വിമാനങ്ങളാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്നത്. സർവീസ് നടത്താത്ത സമയങ്ങളില്ർ ഇവ വാണിജ്യപ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. മുമ്പ് എയർ ഇന്ത്യയുടെ വാണിജ്യ കപ്പലിന്‌റെ ഭാഗമായിരുന്ന പുതിയ വിമാനങ്ങൾ ഇനി മുതൽ വി വി ഐ പി യാത്രകൾക്ക് വേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക. അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, സ്വയം സുരക്ഷാ സംവിധാനകൾ എന്നിവ വിമാനങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.