International
ജോർജ് ഫ്ളോയിഡിന്റെ മരണം: പൊലീസ് വിഭാഗത്തിൽ അഴിച്ചുപണിക്ക് സാധ്യത

വാഷിംഗ്‌ടൺ| മിനിയാപൊളിസ് നഗരത്തിലെ പൊലീസ് വിഭാഗത്തിൽ അഴിച്ചുപണിക്ക് സാധ്യത. ആഫ്രിക്കൻ അമേരിക്കക്കാരനായിരുന്ന ജോർജ് ഫ്ളോയിഡിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വംശീയ കലാപം നടന്നിരുന്നു. ഇതേത്തുടർന്ന് ഇന്നലെയാണ് കൗൺസിലർമാർ ഇക്കാര്യം അറിയിച്ചത്. മിനിയാപൊളിസ് നഗരത്തിലെ പൊലീസ് വകുപ്പിൽ ചില അഴിച്ചുപണികൾ വരുത്തി കമ്മ്യൂണിറ്റിയുമായി ചേർന്ന് സമൂഹത്തെ സുരക്ഷിതമായി നിലനിർത്താനും ജനങ്ങളുമായി അടുത്തുനിൽക്കുന്ന ഒരു പൊലീസ് സേനയെ വാർത്തെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കൗൺസിൽ പ്രസിഡന്റ് ലിസ ബെൻഡർ പറഞ്ഞു.
മെയ് 25ന് നടന്ന ക്രൂര കൊലപാതകത്തെ തുടർന്ന് സംഭവം നടന്ന മിനെപോളിസിലും മറ്റ് പ്രവിശ്യകളിലും വൻതോതിൽ പ്രതിഷേധമുയർന്നിരുന്നു. ജോർജ് ഫ്ളോയ്ഡിനെ കാൽമുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷൗവിൻ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. നിരായുധനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തിൽ കാൽമുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസർ ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് കുത്തി നിൽക്കുന്നത് വീഡിയോയിൽ കാണാം. നിരായുധനായ ഒരു കറുത്തവർഗക്കാരനായ വ്യക്തിയുടെ മരണത്തിൽ വെളുത്തവർഗക്കാരനായ നിയമപാലകരെ അറസ്റ്റ് ചെയ്യുന്ന ഏറ്റവും പുതിയ കേസാണിത്. രണ്ടാഴ്ചയോളമായി വിഷയത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം സമാധാനപരമായ പ്രകടനങ്ങളും വംശീയ കലാപങ്ങളും നടക്കുകയാണ്.