Articles
സെലിബ്രിറ്റികളറിയുമോ സഫൂറയെ?

ജൂണ്‍ മൂന്നിന്, ഇന്ത്യയിലെ പ്രമുഖ വ്യവസായിയും മനുഷ്യ സ്‌നേഹിയുമായ രത്തന്‍ ടാറ്റ, ഗര്‍ഭിണിയായ ആന ആകസ്മികമായി വെടിമരുന്ന് നിറച്ച പൈനാപ്പിള്‍ കഴിച്ച് മരിച്ച വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ഞെട്ടലും പ്രകോപനവും ചൊരിഞ്ഞു. നിരപരാധികളായ മൃഗങ്ങള്‍ക്കെതിരായ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മറ്റു മനുഷ്യര്‍ക്കെതിരായ കൊലപാതകങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല എന്നായിരുന്നു ടാറ്റ പ്രസ്താവനയിറക്കിയത്. ആനയുടെ മരണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച ഒരേയൊരു ഇന്ത്യന്‍ സെലിബ്രിറ്റി ടാറ്റ മാത്രമല്ല. അഭിനേതാക്കളും ബുദ്ധിജീവികളും രാഷ്ട്രീയക്കാരും ഈ കോറസില്‍ ചേര്‍ന്നു.
അതേ വൈകുന്നേരം, അഞ്ച് മാസം ഗര്‍ഭിണിയും പോളിസിസ്റ്റിക്ക് ഓവറി സിന്‍ഡ്രോം മൂലം സങ്കീര്‍ണതകള്‍ അനുഭവിക്കുകയും ചെയ്യുന്ന 27കാരിയായ സഫൂറ സര്‍ഗാര്‍ എന്ന കശ്മീരി വിദ്യാര്‍ഥി ആക്ടിവിസ്റ്റിന് ഇന്ത്യന്‍ കോടതി ജാമ്യം നിഷേധിച്ചു. ഗര്‍ഭം അലസാനുള്ള സാധ്യത അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നുണ്ട്. മുസ്‌ലിം കുടിയേറ്റക്കാരെ ഒഴിവാക്കുന്ന വിവേചനപരമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഫെബ്രുവരിയില്‍ രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നിയമപാലകരെ തടസ്സപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചുള്ള കേസില്‍ കഴിഞ്ഞ രണ്ട് മാസമായി സഫൂറ സര്‍ഗാര്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. നിങ്ങള്‍ കനലുകള്‍ കൊണ്ട് കളിക്കുമ്പോള്‍ തീപ്പൊരി കുറച്ച് ദൂരെ എത്തിച്ചതിന് കാറ്റിനെ കുറ്റപ്പെടുത്താനാകില്ലെന്നാണ് ജാമ്യഹരജി പരിഗണിച്ച് കൊണ്ട് ജഡ്ജി ആക്ടിവിസ്റ്റിനെ ശകാരിച്ചത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനും സാമുദായിക പക്ഷപാതിത്വത്തിനും എതിരെ നിലകൊണ്ട സര്‍ഗാറിനെതിരെ ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നെന്നും ദേശീയ തലസ്ഥാനത്ത് കലാപങ്ങള്‍ക്ക് പ്രേരണ നല്‍കിയെന്നും ആരോപിച്ച് യു എ പി എ പ്രകാരം കേസെടുത്തിട്ടുണ്ട്. എല്ലാം രാജ്യത്തിന്റെ ധാര്‍മിക പാപ്പരത്വം തുറന്നു കാട്ടുന്നതാണ്. മരിച്ച ആനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാജ്യത്ത്, സര്‍ഗാര്‍ ഈ പകര്‍ച്ചവ്യാധി കാലത്ത് പോലും തിങ്ങിനിറഞ്ഞ ജയിലില്‍ ഐക്യദാര്‍ഢ്യത്തിനായി കാത്തിരിക്കുന്നു. അതേ, സര്‍ഗാര്‍ ജയിലില്‍ കിടക്കുകയാണ്. എന്നാല്‍ ഫെബ്രുവരിയില്‍, ഡല്‍ഹിയില്‍ 50 പേരുടെ ജീവന്‍ അപഹരിച്ച മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലയുടെ യാഥാര്‍ഥ ബൗദ്ധിക വാസ്തുശില്‍പ്പികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ കീഴില്‍ ഉന്നത സ്ഥാനങ്ങളില്‍ തുടരുകയാണ്. ചിലര്‍ തങ്ങളുടെ അനുയായികളോട് ശത്രുപക്ഷത്തുള്ളവരെ വെടിവെക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
പല ഇന്ത്യക്കാരും ബ്ലാക്ക് ലിവ്സ് മാറ്റര്‍ ഒരു ഫാഷനായി ഉയര്‍ത്തുന്നു. ഭൂരിപക്ഷ പദവിയുടെയും വിവേചനത്തിന്റെയും വൃത്തികെട്ട മുഖങ്ങള്‍ അവരുടെ നാട്ടില്‍ വളരെക്കാലമായി നിലനില്‍ക്കുന്നുവെന്നത് അവര്‍ മറക്കുന്നു. ജോര്‍ജ് ഫ്ളോയ്ഡിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെയും വംശീയ സംഭാഷണങ്ങള്‍ക്കെതിരെയും ലോകമെമ്പാടുമുള്ള പ്രകടനക്കാര്‍ അണിനിരന്നപ്പോള്‍, ഇന്ത്യന്‍ സെലിബ്രിറ്റികള്‍ അത് ഒരു സേഫ് വിഷയമായി കണ്ടെത്തി. ആഗോള ഐക്കണായ ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്ര തന്റെ വേദനയും കോപവും പ്രകടിപ്പിക്കുന്നതിനായി ജോര്‍ജ് ഫ്‌ളോയ്ഡിന്റെ “പ്ലീസ്, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല” എന്ന അവസാന വാക്കുകള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കിട്ടു. പക്ഷേ, ഇന്ത്യന്‍ മുസ്‌ലിംകളെ ഭൂരിപക്ഷ ഭരണകൂടവും മുന്‍വിധിയോടെയുള്ള നിയമ വ്യവസ്ഥയുമായി ആസൂത്രിതമായി ലക്ഷ്യം വെക്കുമ്പോള്‍ ഈ സെലിബ്രിറ്റികള്‍ എവിടെയായിരുന്നു? ഇവരുടെ ബ്ലാക്ക് ലിവ്സ് മാറ്റര്‍ യഥാര്‍ഥ ഐക്യദാര്‍ഢ്യത്തിന്റെ തുടര്‍ച്ചയായിട്ടല്ല ഒരു ഇന്ത്യന്‍ മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ കാണുന്നത്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കപ്പെടുകയും ആള്‍ക്കൂട്ടം ചേര്‍ന്ന് അവരെ തല്ലിക്കൊല്ലുകയും ചെയ്യുമ്പോള്‍ അത് മറ്റൊരു വിധത്തില്‍ കാണപ്പെടുന്നു. ഫെബ്രുവരിയിലെ ഡല്‍ഹി കൂട്ടക്കൊലക്കിടെ, ദേശീയഗാനം ആലപിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മുസ്‌ലിം യുവാക്കളെ തല്ലിക്കൊല്ലുമ്പോള്‍ സെലിബ്രിറ്റികള്‍ എവിടെയായിരുന്നു. ചോപ്രക്കും ടാറ്റക്കും ആ ഇരകളുടെ പേരുകളെങ്കിലും അറിയുമോ? തൊപ്പി ധരിച്ചതിന് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ 15 വയസ്സുകാരനോടുള്ള ഐക്യദാര്‍ഢ്യത്തെക്കുറിച്ച് ഇവര്‍ക്കെന്തെങ്കിലും പറയാനുണ്ടോ? മുസ്ലിം യുവാവിനെ തല്ലിക്കൊന്ന ഒരുകൂട്ടം കൊലപാതകികളെ ക്യാബിനറ്റ് മന്ത്രി ആദരിച്ചപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ വികാര പ്രകടനം?
ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന്റെ പ്രത്യേക സ്വയംഭരണ പദവി റദ്ദാക്കി, താഴ് വാരത്തെ മിലിറ്ററി ലോക്ക്ഡൗണിലാക്കി അവശേഷിപ്പിച്ചു. പലവിധ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവിടെ നടന്നു. പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ ഉടന്‍ തന്നെ ഇന്ത്യയിലെ മുസ്‌ലിംകളെ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തില്‍ ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി. യൂനിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകള്‍ അക്രമത്തിനിരയായി. ഫെബ്രുവരിയില്‍ തലസ്ഥാന നഗരിയില്‍ മുസ്‌ലിം വിരുദ്ധ വംശഹത്യ സംഭവിച്ചപ്പോള്‍, ആഭ്യന്തര മന്ത്രി അമിത് ഷായെപ്പോലുള്ളവര്‍ അക്രമം നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ് പോലീസിനെ പ്രശംസിച്ചു. ബ്ലാക്ക് ലിവ്സ് മാറ്റര്‍ എന്ന് ഇന്ന് ട്വീറ്റ് ചെയ്യുന്ന പൊതു ശബ്ദങ്ങള്‍ അന്ന് നിശ്ശബ്ദമായിരുന്നു. മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പല സെലിബ്രിറ്റികളും അന്ന് സര്‍ക്കാറിന്റെ നടപടികളെ പ്രശംസിച്ചു.
ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ചില ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍ മുസ്‌ലിം ലിവ്സ് മാറ്റര്‍, ദളിത് ലിവ്സ് മാറ്റര്‍, കശ്മീരീസ് ലിവ്സ് മാറ്റര്‍ എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ചാനലുകളിലൊന്നായ ടൈംസ് നൗ ഈ ട്വീറ്റുകളും ഹാഷ്ടാഗുകളും വളച്ചൊടിച്ച് ഇത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമായി ചിത്രീകരിച്ചു. ഡല്‍ഹിയില്‍ കലാപമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പിന്‍ജ്ര ടോഡ് എന്ന ഫെമിനിസ്റ്റ് സംഘടനയിലെ രണ്ട് പ്രവര്‍ത്തകരോട് ജൂണ്‍ നാലിന് ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റുകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ പ്രതികരിച്ച സെലിബ്രിറ്റികളില്‍ നിന്നും സാധാരണക്കാരില്‍ നിന്നും ആശങ്കയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രകടനങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ പ്രയാസപ്പെടും.
രാജ്യത്തിന്റെ ധാര്‍മികതക്ക് വേണ്ടി പോരാടാന്‍ സര്‍ഗാറിനെ പോലുള്ള ചില ഹീറോകള്‍ എഴുന്നേറ്റു നില്‍ക്കുന്നുണ്ട്. അതൊക്കെ ഒറ്റയാന്‍ പോരാട്ടങ്ങളാണ്, അമേരിക്കയിലേത് പോലെ രാജ്യത്തെ പൗരന്മാരുടെ പിന്തുണ അവര്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട്, കപട ഹീറോകളെ പൂവിട്ടു പൂജിക്കുന്നതിനെതിരെ ഇന്ത്യക്കാര്‍ എഴുന്നേറ്റ് നില്‍ക്കേണ്ട സമയമിതാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിനു വേണ്ടി സംസാരിക്കേണ്ട സമയവും ഇപ്പോഴാണ്.
കടപ്പാട്: ദി വാഷിംഗ്ടണ്‍ പോസ്റ്റ്