Connect with us

International

കറുത്ത വംശജന്റെ കൊലപാതകം: വമ്പന്‍ പ്രതിഷേധത്തിനൊരുങ്ങി വാഷിംഗ്ടണ്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | വര്‍ണവെറിക്കെതിരെയും പോലീസ് ക്രൂരതക്കെതിരെയുമായി കൂറ്റന്‍ പ്രതിഷേധത്തിനൊരുങ്ങി യു എസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി സി. വന്‍തോതില്‍ പ്രതിഷേധക്കാര്‍ കൂട്ടത്തോടെ തലസ്ഥാന നഗരിയിലേക്ക് പ്രവഹിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വംശജനെ വെള്ളക്കാരനായ പോലീസുകാരന്‍ തന്റെ കാല്‍മുട്ട് ഉപയോഗിച്ച് ഞെരിച്ചുകൊന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം.

മെയ് 25ന് നടന്ന ക്രൂര കൊലപാതകത്തെ തുടര്‍ന്ന് സംഭവം നടന്ന മിനെപോളിസിലും മറ്റ് പ്രവിശ്യകളിലും വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈയടുത്ത ദിവസങ്ങളില്‍ പ്രതിഷേധം താരതമ്യേന അടങ്ങിയിരുന്നു. വാരാന്ത്യത്തില്‍ പ്രക്ഷോഭം വീണ്ടും സജീവമാകുകയാണെന്ന സൂചന നല്‍കുന്നതാണ് വാഷിംഗ്ടണിലെ പ്രക്ഷോഭ ഒരുക്കം.

വാഷിംഗ്ടണിലെ ഏറ്റവും വലിയ പ്രതിഷേധമാകുമിതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പത്ത് ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധം നടത്തുമെന്ന് ചില സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒന്ന് മുതല്‍ രണ്ട് ലക്ഷം വരെ പേര്‍ പങ്കെടുക്കുമെന്നാണ് സൈനിക സെക്രട്ടറി റയാന്‍ മകാര്‍തി അറിയിച്ചത്.

അതിനിടെ, പ്രതിഷേധം കണക്കിലെടുത്ത് വൈറ്റ് ഹൗസിന് സമീപം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Latest