Connect with us

Covid19

ഐ സി എഫിന്റെ ചിറകിലേറി ആശ്വാസ തീരത്ത്; ആദ്യ ചാർട്ടേഡ് വിമാനം നാടണഞ്ഞു

Published

|

Last Updated

കോഴിക്കോട് | മഹാമാരിയുടെ ദുരിത വർത്തമാനങ്ങൾക്കിടയിൽ ഐ സി എഫിന്റെ ചിറകിലേറി അവർ 180 പേർ ആശ്വാസതീരമണഞ്ഞു. ഒമാനിൽ നിന്നുള്ള സംഘടനയുടെ ചാർട്ടേർഡ് വിമാനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഐ സി എഫിന് അനുവദിച്ച നാല് ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേതാണ് ദൗത്യം പൂർത്തിയാക്കിയത്.

പതിനൊന്ന് ഗർഭിണികളും ചികിത്സ ആവശ്യമുള്ള 42 രോഗികളും സന്ദർശന വിസയിൽ എത്തി ഒമാനിൽ കുടുങ്ങിയ 50 പേരും തൊഴിൽ നഷ്ടപ്പെട്ട 48 പ്രവാസികളും അടങ്ങുന്ന സംഘമാണ് ആദ്യവിമാനത്തിൽ എത്തിയത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പടെയുള്ളവയും ഐ സി എഫ് ഒരുക്കിയിരുന്നു. ഐ സി എഫ് വിമാനത്തില്‍ 15 ശതമാനം യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റ് നൽകി. 10 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്കിളവും മറ്റു യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്നു.

വിമാന സർവീസിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് ജീവകാരുണ്യ സാമൂഹിക സേവനരംഗങ്ങളിൽ മിഡിൽ ഈസ്റ്റിൽ മികച്ചു നിൽക്കുന്ന ഐ സി എഫ് പ്രവാസികളുടെ രക്ഷാദൗത്യം ഏറ്റെടുത്തത്. സംഘടനയുടെ കീഴിൽ ചാർട്ടർ ചെയ്ത അടുത്ത വിമാനങ്ങൾ ഈ മാസം ഒമ്പത്, 11 തീയതികളിൽ കോഴിക്കോട്ടെത്തും. ഒരു സർവീസിന് തീയതി ലഭിച്ചിട്ടില്ല.

കുവൈത്ത്, ഷാർജ, ദുബൈ എന്നിവിടങ്ങളിൽ നിന്നാണ് അടുത്ത വിമാനങ്ങൾ. നാല് ഫ്ലൈറ്റുകൾക്ക് പുറമെ വിവിധ സ്വകാര്യ ട്രാവൽസ് മുഖേനെയും ഐ സി എഫ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തും.

ഒമാനിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്കായി സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ സർവീസാണ് ഐ സി എഫിന്റേത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തത്. എംബസിയുടെ മുൻഗണനാ ക്രമത്തിൽ തന്നെയാണ് ഐ സി എഫ് ചാർട്ടേഡ് വിമാനത്തിലും യാത്രക്കാർക്ക് അവസരം നൽകിയിരിക്കുന്നത്.

കാന്തപുരം എ പി അബൂബക്കർ മുസ്‌്ലിയാരുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും ഇടപെടലിനെ തുടർന്നാണ് ഐ സി എഫ് ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ലഭിച്ചത്.

വിമാനസർവീസിന് പുറമെ കൊവിഡിനെ തുടർന്ന് ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ വിവിധ സേവന പ്രവർത്തനങ്ങളാണ് നടത്തിയത്. ഗൾഫ് രാഷ്ട്രത്തലവന്മാരും വിദേശ മാധ്യമങ്ങളും ഉൾപ്പെടെ സംഘടനയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചിരുന്നു.

Latest