Kerala
ശബരിമല ക്ഷേത്രം 14 മുതൽ തുറക്കും; ഗുരുവായൂരിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച മുതൽ

പത്തനംതിട്ട | ഈ മാസം 14 മുതൽ 28 വരെ ശബരിമല നട തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വെർച്വൽ ക്യൂ വഴി മണിക്കൂറിൽ 200 പേർക്ക് മാത്രമാണ് പ്രവേശനം. ഒരേ സമയം 50 പേരെ പ്രവേശിപ്പിക്കും. ഒരു ദിവസം 600 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വി ഐ പികൾക്ക് പ്രത്യേക പ്രവേശനമില്ലെന്നും അധികൃതർ അറിയിച്ചു. മാനദണ്ഡം പാലിച്ചായിരിക്കും പ്രവേശനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ഇതരസംസ്ഥാനങ്ങളിലെ ഭക്തർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വണ്ടിപ്പെരിയാർ വഴി പ്രവേശനം അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനിംഗ് സംവിധാനം ഏർപ്പെടുത്തും. അതേസമയം, പൂജാരിമാർക്ക് പ്രായപരിധി ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഗുരുവായൂരിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. വെർച്വൽ ക്യൂ വഴി ഒരു ദിവസം 600 പേർക്ക് തന്നെയാണ് ഇവിടെയും പ്രവേശനം. രാവിലെ 9.30 മുതൽ 1.30 വരെയായിരിക്കും ദർശനസമയം. വി ഐ പി ദർശനം അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
ക്ഷേത്രനടയിൽ ഒരു ദിവസം 60 വിവാഹങ്ങൾക്കാണ് അനുമതി. വരനും വധുവും ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘത്തിന് 10 മിനിറ്റ് സമയമേ അനുവദിക്കുകയുള്ളൂ.