Connect with us

Covid19

ആരാധനാലയങ്ങള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളായി; ആറടി അകലം പാലിക്കണം, കരസ്പര്‍ശം ഒഴിവാക്കണം

Published

|

Last Updated

തിരുവനന്തപുരം | ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി. ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇളവുകള്‍ക്കൊപ്പം നിയന്ത്രണങ്ങളും കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്ത് ഇളവുകള്‍ അനുവദിക്കുന്നത്. കേന്ദ്രം പ്രഖ്യാപിച്ച പൊതുവായ ഇളവുകളാണ് സംസ്ഥാനം നടപ്പിലാക്കുക. പരമാവധി കരസ്പര്‍ശം ഒഴിവാക്കി സാമൂഹിക അകലം പാലിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം ഏതു രീതിയിലായിരിക്കണമെന്ന് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നതായും ഇതുകൂടി പരിഗണിച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഇനി പറയുന്നതാണ്:

  • ആരാധനാലയങ്ങള്‍ എട്ടാം തീയതി ശുചീകരണം നടത്തി ഒമ്പതാം തീയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.
  • 65 വയസ്സിന് മുകളിലുള്ളവര്‍, 10 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖ ബാധിതര്‍ എന്നിവര്‍ ആരാധനാലയങ്ങളില്‍ പോകരുത്. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ വീടുകളില്‍ തന്നെ കഴിയണം. ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ ആരാധനാലയ നടത്തിപ്പുകാര്‍ നല്‍കണം.
  • ഒരു സമയം എത്തിച്ചേരാവുന്നവരുടെ പരമാവധി എണ്ണം 100 ആയിരിക്കണം.
  • ആറടി അകലം പാലിച്ചായിരിക്കണം നില്‍ക്കേണ്ടത്. 100 ചതുരശ്ര മീറ്ററിന് 15 പേര്‍ എന്ന തോത് അവംലംബിക്കണം.
  • എല്ലാവരും മാസ്‌ക് ധരിക്കണം.
  • പ്രവേശിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. സാധ്യമായ അവസരങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം.
  • ആദ്യം വരുന്നവര്‍ ആദ്യം എന്ന രീതിയില്‍ ക്രമീകരണം നടത്തണം. കൂട്ടം ചേരുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.
  • പൊതുവായ ടാങ്കിലെ വെള്ളം ശരീരം ശുചിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകള്‍ മാത്രമെ ഉപയോഗിക്കാവൂ.
  • ചുമയ്ക്കുമ്പോള്‍ തൂവാലകൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നവര്‍ അത് ശരിയായി നിര്‍മാര്‍ജനം ചെയ്യണം.
  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.
  • കൊവിഡ് ബോധവത്ക്കരണ പോസ്റ്ററുകള്‍ ആരാധനാലയങ്ങളില്‍ പ്രകടമായി പ്രദര്‍ശിപ്പിച്ചിരിക്കണം
  • ചെരിപ്പിട്ട് അകത്ത് കയറരുത്. പുറത്ത് നിശ്ചിത അകലത്തില്‍ സൂക്ഷിക്കണം.
  • ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
  • പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും വ്യത്യസ്ത മാര്‍ഗങ്ങളുണ്ടാകണം.
  • എത്തുന്നവരുടെ പേര്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം. എഴുതാനുള്ള പേന വരുന്നവര്‍ കൊണ്ടുവരണം.
  • എയര്‍ കണ്ടീഷണറുകള്‍ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിര്‍ദേശമനുസരിച്ച് 24 മുതല്‍ 30 ഡിഗ്രി വരെ എന്ന തോതില്‍ താപനില ക്രമീകരിക്കണം.
  • വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും സ്പര്‍ശിക്കരുത്.
  • പായ, വിരിപ്പ് എന്നിവ പ്രാര്‍ഥനക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരണം.
  • അന്നദാനവും മറ്റും ഒഴിവാക്കണം. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
  • മാമോദീസ നടത്തുന്നുണ്ടെങ്കില്‍ അത് കരസ്പര്‍ശമില്ലാതെയായിരിക്കണം.
  • പ്രസാദവും തീര്‍ഥം തളിക്കുന്നതും ഒഴിവാക്കണം.
  • ഖര- ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യരുത്.
  • ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യാന്‍ പാടില്ല.
  • ഒരു പാത്രത്തില്‍ നിന്ന് ചന്ദനവും ഭസ്മവും മറ്റും നല്‍കരുത്.