Kerala
ആനയുടെ മരണത്തിന് കാരണം പൈനാപ്പിളല്ല, തേങ്ങയിലെ സ്‌ഫോടകവസ്തു

പാലക്കാട് | ഗര്‍ഭിണിയായ ആന മരിച്ചത് തേങ്ങയില്‍ നിറച്ച സ്‌ഫോടക വസ്തു കഴിച്ചിട്ടെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ പ്രതിയുടേതാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ മലപ്പുറം എടവണ്ണ സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി വില്‍സനെ പോലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. വില്‍സണാണ് സ്‌ഫോടക വസ്തു നിര്‍മിച്ചത്. മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
കൃഷിയിടങ്ങളില്‍ വെക്കുന്ന പന്നിപടക്കമാണ് ആനയുടെ മരണത്തിന് കാരണമെന്നാണ് വെളിപ്പെടുത്തല്‍. തേങ്ങ കീറി അതിനുള്ളില്‍ സ്‌ഫോടക വസ്തു നിറച്ചാണ് പന്നിയെ കൊല്ലാനുള്ള പടക്കം നിര്‍മിക്കുന്നതെന്നും വില്‍സന്‍ പോലീസിനോട് പറഞ്ഞു. മെയ് 27നാണ് പാലാക്കാട് വെള്ളിയാറില്‍ കാട്ടാന വായ തകര്‍ന്ന് കൊല്ലപ്പെട്ടത്. ആന കഴിച്ച ഭക്ഷണത്തിലെ സ്‌ഫോടക വസ്തു പൊട്ടിതെറിച്ച് ആനയുടെ വായക്ക് പരുക്കേറ്റിരുന്നു. വായില്‍ പുഴുവരിച്ച നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന പുഴയില്‍ ഇറങ്ങി വായ താഴ്ത്തി നില്‍ക്കുകയായിരുന്നു.
ആനയുടെ വിവരം അറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കുങ്കിയാനകളെ കൊണ്ടു വന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ആനയെ കരക്ക് കയറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആന വെള്ളത്തില്‍ തന്നെ ചരിഞ്ഞു. ആനയുടെ മരണം രാജ്യാന്തര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറി. മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ മേനക ഗാന്ധി സംഭവത്തില്‍ മലപ്പുറത്തിനെതിരേ വര്‍ഗീയ പ്രതിഷേധവുമായി രംഗത്തെത്തിയതും വലിയ ചര്‍ച്ചയായി മാറി.