Connect with us

International

യുഎസില്‍ പോലീസ് ക്രൂരത വീണ്ടും; 75കാരനെ അടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

ന്യൂയോര്‍ക്ക് | ജോര്‍ജ് ഫ്രോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധാഗ്നി തുടരുന്നതിനിടെ അമേരിക്കന്‍ പോലീസിന്റെ ക്രൂരത വെളിവാക്കുന്ന പുതിയ വീഡിയോ പുറത്ത്. 75കാരനെ യുഎസ് പോലീസുകാര്‍ അടിച്ചുവീഴ്ത്തുന്ന വീഡിയോയാണ് പ്രാദേശിയ റേഡിയോ സ്‌റ്റേഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ബഫലോയിലെയും ന്യൂയോര്‍ക്കിലെയും രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ക്രമസമാധാന ചുമതലയുള്ള പോലീസ് സംഘം നഗരത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന 75കാരനെ പോലിസുകാരില്‍ ഒരാള്‍ ബാറ്റന്‍ കൊണ്ട് അടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ മറ്റൊരു പോലീസുകാരന്‍ ഇദ്ദേഹത്തെ കൈ കൊണ്ട് തള്ളിവീഴ്ത്തുകയും ചെയ്തു. നിലത്ത് തലയടിച്ച് വീണ 75കാരന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നതും ഇത് കൂസാക്കാതെ പോലീസ് സംഘം മുന്നോട്ട് പോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. വീണയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ വെളുത്ത വര്‍ഗക്കാരന്‍ തന്നെയാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഈ സംഭവത്തിന്റെ തുടര്‍ച്ചയായി ജോര്‍ജ് ഫ്രോയിഡ് വധത്തില്‍ പ്രതിഷേധവുമായി പ്ലക്കാര്‍ഡ് ഉയര്‍ത്തി വരുന്ന മറ്റൊരു യുവാവിനെ പോലീസ് നേരിടുന്നതും കാണാം.

പരിക്കേറ്റ 75കാരന്റെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഫലോയിലെ എറീ കണ്‍ട്രി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്.

സംഭവത്തില്‍ താന്‍ അതീവ ദുഖിതനാണെന്ന് ബഫലോ മേയര്‍ ബിറോണ്‍ ബ്രൗണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ദിവസങ്ങളോളം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും താനും പോലീസ് നേതൃത്വവും കമ്മ്യൂണിറ്റി അംഗങ്ങളും തമ്മിലുള്ള നിരവധി മീറ്റിംഗുകള്‍ക്കും ശേഷവും പോലീസുകാരില്‍ നിന്ന് ഇത്തരം സമീപനം ഉണ്ടായത് നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.