Connect with us

Editorial

യു എസ് പ്രക്ഷോഭത്തിന്റെ അലയൊലി ഇന്ത്യയിലും

Published

|

Last Updated

ജോര്‍ജ് ഫ്ലോയിഡെന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ ശക്തിപ്രാപിച്ച വംശീയവെറിക്കെതിരായ പോരാട്ടത്തിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലും. ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന സമയത്ത് അനുഭവിക്കേണ്ടി വന്ന വംശീയവെറിയെക്കുറിച്ച് തുറന്നു പറഞ്ഞ് കര്‍ണാടക താരം ദൊഡ്ഡ ഗണേഷ് കഴിഞ്ഞ ദിവസം രംഗത്തു വരികയുണ്ടായി. 1990കളില്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ നിന്ന് താനും വംശീയാധിക്ഷേപത്തിന് ഇരയായെന്ന കാര്യം ട്വീറ്റിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അന്ന് ടീമിലുണ്ടായിരുന്ന ഒരു പ്രമുഖ താരം അതിനു സാക്ഷിയായിരുന്നെന്നും ഗണേഷ് പറയുന്നു. അക്കാലത്ത് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള വേദികള്‍ കുറവായതു കൊണ്ടാണ് അന്നത് വെളിപ്പെടുത്താതിരുന്നതെന്നും ദൊഡ്ഡ ഗണേഷ് പറയുന്നു. യു എസിലെ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയിഡിന്റെ മരണവും അതിനു പിന്നാലെ അമേരിക്കയില്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധവുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നു പറയാന്‍ ഗണേഷിനു പ്രചോദനമായത്. നിറത്തിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന പീഡാനുഭവങ്ങള്‍ 2017ല്‍ മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദും വെളിപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയിലെ പോലെ തന്നെ ഒരു പക്ഷേ അതിനേക്കാള്‍ തീവ്രമായി ഇന്ത്യയിലുമുണ്ട് വര്‍ണ, വംശവെറി. ഇന്ത്യ സന്ദര്‍ശിക്കുകയും ഇവിടം താമസിക്കുകയും ചെയ്ത വിദേശികളടക്കം പലരും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് വംശീയ സ്പര്‍ധ ഏറ്റവും രൂക്ഷമായ രാജ്യമേതെന്ന് ഖ്വാറ (quora) വെബ്‌സൈറ്റില്‍ വന്ന ഒരു ചോദ്യത്തിന് ഡേവിഅദലി എന്ന ഒരു അമേരിക്കക്കാരന്‍ എഴുതിയ മറുപടി ഇങ്ങനെയായിരുന്നു- “”ഐ ടി രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു കറുത്ത അമേരിക്കക്കാരനാണ് ഞാന്‍. എന്റെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളും സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. ഈ രാജ്യങ്ങളുടെ ഗണത്തില്‍ ഏറ്റവുമധികം വംശീയവെറി നിലനില്‍ക്കുന്നത് ഇന്ത്യയിലാണെന്നാണ് എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത്. സ്വന്തം രാജ്യത്തെ പൗരന്മാരോട് പോലും കടുത്ത വംശീയ അസഹിഷ്ണുതയാണ് ഇന്ത്യക്കാര്‍ കാണിക്കുന്നത്. നിങ്ങള്‍ നൂറ് ശതമാനം ഇന്ത്യക്കാരനായാല്‍ പോലും തൊലിയുടെ നിറം, മതം, ജാതി, സംസാരിക്കുന്ന ഭാഷ, ജന്മദേശം തുടങ്ങിയ കാരണങ്ങളാല്‍ മറ്റുള്ളവര്‍ നിങ്ങളോട് വിവേചനം കാണിക്കും. ഐ ടി പരിശീലനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കു പോകുന്നതിനെക്കുറിച്ച് കറുത്ത വര്‍ഗക്കാര്‍ എന്നോട് അഭിപ്രായം തേടാറുണ്ട്. വംശ വെറി സഹിക്കാന്‍ സന്നദ്ധമാണെങ്കില്‍ പോകാമെന്നാണ് അവരോടെല്ലാം എന്റെ സ്ഥിരം ഉപദേശം””.

ലോകത്തേറ്റവും വംശീയ വിദ്വേഷം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് 2013ല്‍ സ്വീഡന്‍കാരായ രണ്ട് ധനശാസ്ത്രജ്ഞര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. തന്റെ അയല്‍പക്കത്ത് മറ്റൊരു വംശത്തില്‍ പെട്ടയാള്‍ താമസിക്കുന്നതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു 43 ശതമാനം ഇന്ത്യക്കാരുടെയും മറുപടി. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഈ സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ ഇന്ത്യയില്‍ നടന്നുവരുന്ന ദളിത്, പിന്നാക്ക ന്യൂനപക്ഷ വേട്ട അമേരിക്കയില്‍ കറുത്ത വംശജര്‍ അനുഭവിക്കുന്നതിനേക്കാള്‍ രൂക്ഷമാണ്.

ഹൈദരാബാദ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് ഇന്ത്യന്‍ വര്‍ണ വെറിയുടെ തീവ്രതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. “എന്റെ ജന്മമാണ് എന്റെ മാരകമായ അപകട”മെന്നായിരുന്നു കുറിപ്പിലെ വാചകം. ജനിച്ചുവീണ കുലത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരില്‍ അനുഭവിക്കേണ്ടി വന്ന കൊടിയ ദുരിതത്തിലേക്കാണ് ദളിതനായ രോഹിത് വെമുല വിരല്‍ ചൂണ്ടിയത്. രൂക്ഷവും മനുഷ്യത്വ രഹിതവുമായ സാമൂഹിക വിവേചനമാണ് ദളിതര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. രാജ്യതലസ്ഥാനത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ എ ഐ ഐ എം എസില്‍ ദളിത് വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും പരീക്ഷകളില്‍ മനപ്പൂര്‍വം തോല്‍പ്പിക്കുകയും ചെയ്യുന്ന അനുഭവമുണ്ടായി. സാമൂഹിക നീതിയാണ് ഭരണഘടന മുന്നോട്ടു വെക്കുന്നതെങ്കിലും ഇന്നും നമ്മുടെ ഭരണകൂടങ്ങളെയും ഉന്നത വിദ്യാപീഠങ്ങളെയും നിയന്ത്രിക്കുന്നത് സവര്‍ണ ജാതി വ്യവസ്ഥയാണ്. പശുവിന്റെ പേരില്‍ ദളിതനെ കൊല്ലുമ്പോഴും ദളിത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു മരത്തില്‍ കെട്ടിത്തൂക്കുമ്പോഴും ഭരണകൂടത്തെ നിശ്ശബ്ദമാക്കുന്നത് സവര്‍ണ സ്വാധീനമാണ്. യു എസ് ഭരണകൂടത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന വര്‍ണവെറിക്കെതിരായ നിലവിലെ പ്രക്ഷോഭം ഇന്ത്യയിലെ അവഗണിക്കപ്പെടുന്ന സമൂഹങ്ങള്‍ക്ക് പ്രചോദനമാകാതിരിക്കില്ല.

വംശീയ, ജാതീയ വിവേചനത്തിലും അധിക്ഷേപത്തിലും കേരളീയരും മോശക്കാരല്ല ഒട്ടും. അടുത്തിടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ സുരേഷ് ഐ എ എസ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായപ്പോള്‍ കേരളത്തിലെ സവര്‍ണ മനസ്സുകളില്‍ നുരഞ്ഞു പൊന്തിയ ജാതീയവും വംശീയവുമായ വിദ്വേഷം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ സംവരണ മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസ് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും വംശീയ അധിക്ഷേപം കേള്‍ക്കേണ്ടി വന്നു. ഫേസ്ബുക്ക് വഴി നിരന്തരം വംശീയ വെറിയും വര്‍ണവെറിയും പ്രകടിപ്പിച്ചതിന് ആകാശവാണി പ്രോഗ്രാം ഡയറക്ടറായിരുന്ന കെ ആര്‍ ഇന്ദിര ഇപ്പോള്‍ നിയമനടപടികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ദളിതനായ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിട്ടയേര്‍ഡായതിനെ തുടര്‍ന്ന് അദ്ദേഹം ഇരുന്ന കസേര പുണ്യാഹം തളിച്ചു ശുദ്ധീകരിച്ച സംഭവം തിരുവനന്തപുരം സെക്രട്ടേറിയറ്റിലുണ്ടായി. അഭ്യസ്ഥവിദ്യരായ പുതിയ സമൂഹം പോലും ജാതീയമായി ചിന്തിക്കുകയും സവര്‍ണ ആചാരങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് പ്രബുദ്ധ കേരളത്തിലും.