Kerala
ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍

പാലക്കാട് | മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലെ വെള്ളിയാറില്‍ ഗര്‍ഭിണിയായ കാട്ടാന ദൂരുഹ സഹാചര്യത്തില്‍ ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അമ്പലപ്പാറ സ്വകാര്യ എസ്റ്റേറ്റ് നടത്തിപ്പുകാരനും മൂന്നാം പ്രതിയുമായ മലപ്പുറം എടവണ്ണ സ്വദേശിയുമായ വില്‍സണ്‍ (29) ആണ് അറസ്റ്റിലായത്. പ്രധാന പ്രതികളായ എസ്റ്റേറ്റുടമ അബ്ദുല്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ ഒളിവിലാണ്. വില്‍സണെ പിടികൂടിയതിന് പിന്നാലെയാണ് ഇവര്‍ ഒളിവില്‍ പോയത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്.
പൈനാപ്പിളില്‍ അല്ല, തേങ്ങയിലാണ് സ്‌ഫോടക വസ്തു നിറച്ചിരുന്നതെന്ന് പ്രതി വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പൈനാപ്പിളില്‍ വച്ച സ്‌ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. ഇന്നലെ രാവിലെയോടെ അറസ്റ്റിലായ വില്‍സണെ പരുക്കേറ്റ നിലയില്‍ കാട്ടാനയെ കണ്ടെത്തിയ തിരുവിഴാംകുന്ന് പ്രദേശത്ത് ഉച്ചക്ക് രണ്ടോടെ എത്തിച്ചു. തേങ്ങ നെടുകെ കീറി സ്‌ഫോടകവസ്്തു നിറച്ച അമ്പലക്കുന്ന് ചെളിക്കല്‍ പ്രദേശവും സ്ഫ്‌ടോക വസ്തുവില്‍ ചേര്‍ത്താന്‍ ഉപയോഗിച്ച വെള്ളാരക്കല്ല് പൊടിയുടെ അംശങ്ങളും പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തു. ഇതിന് സമീപത്ത് വന്യമൃഗങ്ങളെ നീരിക്ഷിക്കുന്നതിനും വേട്ടയാടുന്നതിനും വേണ്ടി നിര്‍മിച്ച താത്ക്കാലിക ഷെഡും കണ്ടെത്തി.
സ്‌ഫോടകവസ്തു നിറച്ച തേങ്ങ കഴിച്ച കാട്ടാനയെ മെയ് പന്ത്രണ്ടിന് കരുവാരക്കുണ്ടിലേക്ക് തുരത്തിയോടിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പ്രതി വ്യക്തമാക്കി. വനാതിര്‍ത്തിയോട് ചേര്‍ന്ന് കൃഷി ചെയ്തിരുന്ന പ്രതികള്‍ പന്നികളെ വേട്ടയാടി വില്‍പന നടത്തിയിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി അബ്ദല്‍കരീം നിലമ്പൂരില്‍ നിന്നാണ് സ്‌ഫോടകവസ്തു കൊണ്ടുവന്നത്.
മെയ് 27നാണ് പിടിയാന ചരിഞ്ഞത്. മെയ് 25നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പരുക്കേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വായയിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാന്‍ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നില്‍ക്കുന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്. രണ്ടു കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കരയ്ക്കു കയറ്റാന്‍ സാധിച്ചിരുന്നില്ല. സൈലന്റ്‌വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞു വയ്ക്കുന്ന പതിവുണ്ട്.
പരുക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കുന്നതിന് വനംവകുപ്പ് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. എ്ന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നുവെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.