Connect with us

National

മാധ്യമ സ്വാതന്ത്ര്യം പോലും പ്രശ്‌നത്തിലാകുമ്പോള്‍ പ്രസ്സ് കൗണ്‍സില്‍ നിസ്സഹായാവസ്ഥയില്‍; അംഗം രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി സി ഐ) അംഗം ബി ആര്‍ ഗുപ്ത രാജിവെച്ചു. പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ് മാധ്യമങ്ങള്‍. എന്നാല്‍, ഈ ഘട്ടത്തില്‍ മാധ്യമങ്ങളെ സഹായിക്കാന്‍ പറ്റുന്ന സ്ഥിതിയിലല്ല കൗണ്‍സിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ജേണലിസം വകുപ്പ് മേധാവിയായിരുന്ന ഗുപ്തയെ 2018 മെയ് 30നാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ പി സി ഐ അംഗമായി നിയമിച്ചത്. അതേസമയം, പി സി ഐ അധ്യക്ഷന്‍ ജസ്റ്റിസ് സി കെ പ്രസാദ് രാജി സ്വീകരിച്ചിട്ടില്ല.

മാധ്യമങ്ങള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓരോ മാധ്യമപ്രവര്‍ത്തകനും അറിയാം. എന്നാല്‍, പ്രതിസന്ധിയില്‍ പുറത്തുകടക്കാന്‍ മാധ്യമങ്ങളെ സഹായിക്കാന്‍ പറ്റിയ സ്ഥിതിയലല്ല തങ്ങളുള്ളത്. ഇതാണ് തന്റെ രാജിക്കുള്ള അടിസ്ഥാന കാരണങ്ങളിലൊന്ന്. മാധ്യമങ്ങളുടെ തൊഴില്‍പരമായ നിലവാരവും മാധ്യമ സ്വാതന്ത്ര്യവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു അവസ്ഥയില്‍ പ്രസ്സ് കൗണ്‍സിലിന് സഹായിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ ഗുണമേന്മയും നിലവാരവും പരിപാലിക്കാനാകുന്നില്ലെങ്കില്‍, മാധ്യമങ്ങള്‍ അഗാധ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനാകുന്നില്ലെങ്കില്‍, ഇതിന്റെ പ്രസക്തിയെന്താണ്?- ഗുപ്ത ചോദിക്കുന്നു.

രാജ്യത്തെ പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനും മാധ്യമ നിലവാരം മെച്ചപ്പെടുത്താനും പരിപാലിക്കാനും ലക്ഷ്യമിട്ട് 1966ലാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിതമായത്.

---- facebook comment plugin here -----

Latest