Connect with us

Kerala

ഓണ്‍ലൈന്‍ പഠനത്തിന് സ്റ്റേ ഇല്ല; ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക്‌

Published

|

Last Updated

തിരുവനന്തപുരം | ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വാദം അംഗീകരിച്ചാണ് നടപടി. ഇത് സംബന്ധിച്ച ഹരജി സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹരജി എത്തിയത്. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്.നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് അടിസ്ഥാന സൗകര്യം ഇല്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി മെയ് 29നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് വന്നത് ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് അപ്രായോഗികവും അസാധ്യവുമായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇപ്പോള്‍ ആരംഭിച്ചത് ട്രയല്‍ റണ്‍ മാത്രമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി നിരവധി സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

Latest