Kerala
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: മന്ത്രി ടി പി രാമകൃഷ്ണന്റെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കോഴിക്കോട് | മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ദേവിക ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ വാഹനം തടഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.
കോഴിക്കോട് കലക്ടറേറ്റ് പരിസരത്ത് നിയമലംഘന സമരത്തിനിടെ രാവിലെ 10.30 ഓടെയായിയിരുന്നു സംഭവം. പ്രതിഷേധക്കാര്‍ കലക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ടിരിക്കെ മന്ത്രി ഔദ്യോഗിക വാഹനത്തില്‍ എത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് മന്ത്രിയെ മറ്റൊരു കവാടത്തിലൂടെ അകത്തേക്ക് കടത്തിവിട്ടു.
തുടര്‍ന്നും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോവാത്തതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദേവികയെന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍