International
പവര്‍ പ്ലാന്റില്‍ നിന്ന് 20,000 ടണ്‍ ഡീസല്‍ ചോര്‍ന്നു; സൈബീരിയയില്‍ അടിയന്തരാവസ്ഥ

മോസ്‌കോ | റഷ്യയില്‍ സൈബീരിയയിലെ പവര്‍ പ്ലാന്റില്‍ നിന്ന് 20,000 ടണ്‍ ഡീസല്‍ ചോര്‍ന്നു. ഇതേ തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡീസല്‍ പരന്നൊഴുകി നദികള്‍ ഉള്‍പ്പെടെയുള്ള ജല സ്രോതസ്സുകള്‍ മലിനമായിട്ടുണ്ട്. മോസ്‌കോവിന് 2,900 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നോറില്‍സ്‌ക് സിറ്റിയിലെ പവര്‍ പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായത്. പലകകള്‍ നിരത്തിയാണ് അംബര്‍നായ നദിയില്‍ ഡീസല്‍ പരക്കുന്നത് തടഞ്ഞത്. മറ്റൊരു നദിയുമായി ചേര്‍ന്ന് പരിസ്ഥിതി ലോലമായ ആര്‍ട്ടിക് സമുദ്രത്തിലേക്ക് ചെന്നു ചേരുന്ന നദിയാണ് അംബര്‍നായ.
ഡീസല്‍ ചോര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പുടിന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ജലസ്രോതസ്സുകളിലെ മത്സ്യങ്ങളുള്‍പ്പെടെയുള്ള വിഭവങ്ങളെ ബാധിക്കുമെന്നതിനാല്‍ 100 കോടി റൂബിള്‍സിന്റെ (ഒരുകോടി 30 ലക്ഷം ഡോളര്‍) നഷ്ടം സംഭവിക്കുമെന്ന് ആഗോള വന്യജീവി ഫണ്ടിന്റെ റഷ്യന്‍ ഘടകം വക്താവ് അലക്‌സി കിഷ്‌നിക്കോവ് പറഞ്ഞു.