Covid19
കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഡോക്ടര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക്

കോഴിക്കോട് | കോഴിക്കോട് ജില്ലയില്‍ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതാണ് ഈ വിവരം. എളേറ്റില്‍ സ്വദേശിയായ 31കാരനാണ് കൊവിഡ് പോസിറ്റീവായ ഡോക്ടര്‍. ഇദ്ദേഹം സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരില്‍ മണിയൂര്‍ സ്വദേശികളായ 42ഉം 46ഉം വയസ്സുള്ള രണ്ട് പേര്‍, വടകര സ്വദേശി (42), അത്തോളി സ്വദേശി (42) എന്നിവര്‍ കുവൈത്തില്‍ നിന്ന് എത്തിയതാണ്. ജസീറ എയര്‍വേയ്‌സിന്റെ കുവൈത്ത്-കോഴിക്കോട് വിമാനത്തിലാണ് ഇവര്‍ വന്നത്. കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ ഇവരെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
39കാരനായ കുറ്റ്യാടി സ്വദേശിയാണ് രോഗബാധിതനായ മറ്റൊരാള്‍. മെയ് 31 ബഹ്‌റൈനില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
34 വയസ്സുള്ള കാവിലുംപാറ സ്വദേശിയാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴാമത്തെ ആള്‍. മെയ് 27ന് പുലര്‍ച്ചെ 12.30 ന് അബൂദബി- കണ്ണൂര്‍ വിമാനത്തിലാണ് ഇദ്ദേഹം എത്തിയത്. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടിലെത്തി. മെയ് 31 ന് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെയും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
ഇതിനിടെ, ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കു കൂടി രോഗം ഭേദമായി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓര്‍ക്കാട്ടേരി സ്വദേശി (56), ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി (22), ഓര്‍ക്കാട്ടേരി സ്വദേശി (28), തിക്കോടി സ്വദേശി (46), കൊയിലാണ്ടി സ്വദേശി (43) എന്നിവരാണ് രോഗമുക്തരായത്.
ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 78 ആയി. 37 പേര്‍ രോഗമുക്തരാകുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ 40 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.