Kerala
കൊവിഡ് ബാധിച്ച് വൈദികന്റെ മരണം: 19 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍, മറ്റൊരു രോഗിയുടെ മരണത്തിലും സംശയം

തിരുവനന്തപുരം | ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ച വൈദികന്‍ കെ ജി വര്‍ഗീസിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 19 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. വൈദികനുമായി അടുത്തിടപഴകിയ മെഡിക്കല്‍ കോളജിലെ 10 ഡോക്ടര്‍മാരും പേരൂര്‍ക്കട ആശുപത്രിയിലെ 9 ഡോക്ടര്‍മാരുമാണ് നിരീക്ഷണത്തില്‍പോയത്.
ഇതിന് പുറമെ 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. വൈദികന് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം വൈദികന്റെ അടുത്ത കിടക്കയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ ചൊവ്വാഴ്ച മരിച്ചിരുന്നു. ഇയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന സംശയം ബലപ്പെടുന്നതായും വാര്‍ത്തകളുണ്ട്.
കരള്‍ സംബന്ധമായ അസുഖത്തിനാണ് ഇയാള്‍ ചികിത്സ തേടിയത്. അന്ന് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളുടെ അടുത്ത ബന്ധുക്കളുടെ സ്രവങ്ങള്‍ പരിശോധനക്കയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.