Connect with us

Kerala

ഉത്ര കൊലപാതകം: അന്വേഷണത്തിൽ വഴിത്തിരിവ്

Published

|

Last Updated

കൊല്ലം | ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ഒന്നാം പ്രതിയും ഭർത്താവുമായ സൂരജിന്റെ മാതാവിനെയും സഹോദരിയേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സൂരജിന്റെ അമ്മ രേണുകയോടും സഹോദരി സൂര്യയോടും ഇന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. മകളുടെ വധത്തിൽ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന ഉത്രയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം സൂരജിന്റെ മാതാപിതാക്കളിലേക്ക് നീങ്ങിയത്.

സൂരജിന്റെ പിതാവ് സുരേന്ദ്രപ്പണിക്കരെ അന്വേഷക സംഘം തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. അടൂർ പറക്കോട്ടെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി 10നാണ് കൊല്ലം റൂറൽ കൈം ബ്രാഞ്ച് ഡി വൈ എസ ്പി എ അശോകന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനെ തുടർന്നാണ് അറസ്റ്റ്. സ്ത്രീധനമായി ഉത്രയുടെ അച്ഛനമ്മമാർ നൽകിയ സ്വർണം ഒളിപ്പിക്കാൻ സുരേന്ദ്രപ്പണിക്കർ സൂരജിനെ സഹായിച്ചതായി സമ്മതിച്ചു. വീടിനു സമീപത്തെ റബർ തോട്ടത്തിൽ കുഴിച്ചിട്ട നാൽപ്പതോളം പവൻ സുരേന്ദ്രപ്പണിക്കരുടെ സാന്നിധ്യത്തിൽ അന്വേഷക സംഘം തിങ്കളാഴ്ച രാത്രി കണ്ടെടുത്തു.

വിവാഹസമയത്ത് 99 പവനാണ് സൂരജിനു നൽകിയത്. പിന്നീട് കുഞ്ഞിന്റെ ചരടുകെട്ട് ചടങ്ങിനു ലഭിച്ച 12 പവനും സൂരജിന്റെ കൈവശമാണ്. അച്ഛന് എല്ലാം അറിയാമെന്ന് ചോദ്യം ചെയ്യലിൽ സൂരജ് പോലീസിനോടു പറഞ്ഞിരുന്നു. സ്വർണത്തിൽ ഒരുപങ്ക് വീട്ടുകാർക്കു കൊടുത്തെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു. സ്വർണാഭരണങ്ങൾ ബേങ്ക് ലോക്കറിൽ നിന്ന് മാർച്ച് രണ്ടിനാണ് സൂരജ് എടുത്തത്. അന്നു രാത്രിയിലാണ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ ഉത്രയെ ആദ്യം പാമ്പുകടിച്ചത്. സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽ നിന്ന് 12 പവൻ സൂരജ് ഊരിയെടുത്തതായി അന്വേഷകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മെയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ജാറിൽ ഒളിപ്പിച്ച മൂർഖനെക്കൊണ്ട് രാത്രി സൂരജ് ഉത്രയെ കടിപ്പിക്കുകയായിരുന്നു. അതിനുമുമ്പ് സൂരജ് പാമ്പുമായി വീട്ടിലേക്കു വരുന്നത് കണ്ടതായി ബന്ധു മൊഴി നൽകിയിട്ടുണ്ട്.

Latest