Connect with us

Kerala

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് അയല്‍പക്ക പഠന കേന്ദ്രങ്ങള്‍; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് പുതിയ സംവിധാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇതിനായി അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ തുറക്കും. ഇതിന്റെ ചെലവ് കെ എസ് എഫ് ഇ വഹിക്കും. വിദ്യാഭ്യാസ മേഖലയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്ന നാളുകളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിനു തന്നെ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കഴിഞ്ഞു. എന്നാല്‍, എല്ലാ വര്‍ഷത്തെയും പോലെ കുട്ടികളുടെ കൈയും പിടിച്ച് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുന്ന പതിവിന് കൊവിഡ് സാഹചര്യം തടയിട്ടു. പകരം ഓണ്‍ലൈനായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പ്രതിസന്ധികളെ അവസരമാക്കുക, അത് ഫലപ്രദമായി നടപ്പിലാക്കുക എന്ന സര്‍ക്കാറിന്റെ കാഴ്ചപ്പാട് വിദ്യാഭ്യാസ മേഖലയിലും പ്രാവര്‍ത്തികമാക്കുകയാണ്. അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിള്‍ തയ്യാറാക്കി അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്നത്.

വീട്ടില്‍ ടി വി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കാണ് അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ സംവിധാനിക്കുന്നത്. ഇതിനുള്ള ചെലവ് കെ എസ് എഫ് ഇ സ്പോണ്‍സര്‍ ചെയ്യും. ഇവിടങ്ങളിലേക്ക് ടെലിവിഷന്‍ വാങ്ങുന്നതിനുള്ള ചെലവ് കെ എസ് എഫ് ഇ സബ്സിഡിയായി നല്‍കും. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 12,000 ലാപ്പ് ടോപ്പുകള്‍, 7000 പ്രൊജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ആശങ്കപ്പെടേണ്ടതില്ല. ട്രയല്‍ സംപ്രേക്ഷണം മാത്രമാണ് ആദ്യ ആഴ്ചയില്‍ നടക്കുന്നത്. ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ജൂണ്‍ എട്ടിന് പുനസംപ്രേക്ഷണം ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.