Covid19
ഇവര്‍ തീവ്രവാദികള്‍, എന്നിട്ടും വി ഐ പി ചികിത്സ; മുസ്ലിം രോഗികളെ കുറിച്ച് കാണ്‍പൂര്‍ മെഡി. കോളജ് പ്രിന്‍സിപ്പല്‍

കാണ്‍പൂര്‍ | മുസ്ലിംകളായ കൊവിഡ്- 19 രോഗികളെ കുറിച്ച് വിദ്വേഷരൂപത്തിലുള്ള അഭിപ്രായവുമായി കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രിന്‍സിപ്പല്‍ ആരതി ലാല്‍ചന്ദനി. കൊവിഡ് രോഗികളായ തബ്ലീഗ് ജമാഅത്തുകാരെ സംബന്ധിച്ചായിരുന്നു പ്രിന്‍സിപ്പലിന്റെ പരാമര്‍ശം. ഇവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ വിഭവങ്ങള്‍ പാഴാക്കരുതെന്നും ഇവര്‍ പറയുന്നുണ്ട്.
” ഇവര്‍ തീവ്രവാദികളാണ്, എന്നിട്ടും ഇവര്‍ക്ക് വി ഐ പി ചികിത്സ ലഭിക്കുന്നു”- ഇതാണ് അഞ്ച് മിനുട്ട് നീളുന്ന വീഡിയോയില്‍ ആരതി പറയുന്നത്. ആഴ്ചകള്‍ക്ക് മുമ്പുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഇവരുടെ ഹോട്ടല്‍ ബില്ലുകള്‍ കൂടി സര്‍ക്കാര്‍ അടക്കുന്നു. ആശുപത്രികളില്‍ ഇവരെ പ്രവേശിപ്പിക്കുന്നത് പ്രീണിപ്പിക്കാനാണെന്നും ആരതി പറയുന്നുണ്ട്.
അതേസമയം, കാണ്‍പൂരിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മോര്‍ഫ് ചെയ്തതാണ് ഈ വീഡിയോയെന്ന് ലാല്‍ചന്ദനി പറഞ്ഞു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താനും അധികൃതരില്‍ നിന്നുള്ള ആനുകൂല്യം നേടാനുമാണ് ഈ ശ്രമം. വീഡിയോ എടുത്തതിനും ബ്ലാക്ക്‌മെയ്ല്‍ ചെയ്തതിനും താന്‍ പോലീസില്‍ പരാതിപ്പെടുമെന്നും അവര്‍ പറഞ്ഞു.