Connect with us

Malappuram

പന്ത്രണ്ട് ഭാഷകളില്‍ അക്ഷരക്കൂട്ടൊരുക്കി മഅദിന്‍ വിദ്യാര്‍ഥികള്‍

Published

|

Last Updated

മലപ്പുറം | ലോക്ഡൗണ്‍ കാലത്ത് ഭാഷാ വിപ്ലവം തീര്‍ത്ത് മഅദിന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് വിദ്യാര്‍ഥികള്‍. ചൈനീസ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇന്തോനേഷ്യന്‍, ജര്‍മന്‍, സ്പാനിഷ്, ഹിന്ദി, ഉറുദു, അറബി, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലാണ് മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുമ്പോഴും തങ്ങളുടെ രചനകള്‍ക്ക് ലോക്കില്ലാതെ വ്യത്യസ്തരാവുകയാണിവര്‍.

ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. മഅദിന്‍ കുല്ലിയ്യ ശരീഅ പ്രിന്‍സിപ്പള്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി മാഗസിന്‍ ഏറ്റുവാങ്ങി. ലോക്ഡൗണ്‍ കാലത്ത് ഭാഷ പരിപോഷിപ്പിക്കുന്നതിനായി വിദേശ യൂണിവേഴ്‌സിറ്റികളിലെ പണ്ഡിതരുമായുള്ള കൂടിക്കാഴ്ചയായ അല്‍ ഇബ്‌റ, വിദ്യാര്‍ഥികളില്‍ സംഘടനാ ബോധം വര്‍ധിപ്പിക്കാനും ദഅവ രീതികള്‍ പരിപോഷിപ്പിക്കാനും ദേശീയ സംസ്ഥാന നേതാക്കളുടെ അനുഭവങ്ങളും ഉപദേശങ്ങളും പങ്കുവെച്ച റെട്രോസ്‌പെക്റ്റ് തുടങ്ങിയവ വ്യത്യസ്ത പ്രോഗാമുകള്‍ക്ക് ദഅവ സെക്ടറും, ഭാഷാ ക്ലബുകളും നേതൃത്വം നല്‍കി.

അടുത്ത അധ്യയന വര്‍ഷത്തില്‍ തങ്ങള്‍ നേടിയെടുത്ത ഭാഷാ പ്രാവീണ്യം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ സ്ഥാപനത്തിലെ പൂര്‍വവിദ്യാര്‍ഥികളും വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരുമായ ഹാമിദ് ഹുസൈന്‍, സുബൈര്‍ അംജദി, ബഷീര്‍ മിസ്ബാഹി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കുകയാണ്. കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളാണ് മാഗസിനിന്റെ പ്രമേയം. നൗഫല്‍ അദനി കുട്ടശ്ശേരി പബ്ലിഷറും അബൂബക്കര്‍ ആഷിക്ക് ചീഫ് എഡിറ്ററും അബ്ദുല്‍ ബാസിത്ത് മൂര്‍ക്കനാട് എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ സമിതിയില്‍ നിഹാദ് ഇബ്‌നു സൈദ്, സിനാന്‍ കടലുണ്ടി എന്നിവര്‍ സഹായികളായി. മുഹമ്മദ് ജൗഹര്‍ ഒറവംപുറം കവറും സല്‍മാനുല്‍ ഫായിസ് കുമ്പിടി രൂപകല്പനയും ചെയ്തു

Latest