Connect with us

National

യു പിയില്‍ യാത്രക്കാര്‍ക്ക് ബിസ്‌കറ്റ് പാക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത് റെയില്‍വേ ഉദ്യോഗസ്ഥന്‍; സസ്‌പെന്‍ഷന്‍

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ ശ്രമിക് ട്രെയിനിലെ കുടിയേറ്റ തൊഴിലാളികളായ യാത്രക്കാര്‍ക്ക് നേരെ ബിസ്‌കറ്റ് പാക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാരെ ഇയാള്‍ ചീത്ത വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പടിഞ്ഞാറന്‍ യു പിയിലെ ഫിറോസാബാദിലെ സ്‌റ്റേഷനിലാണ് ചില റെയില്‍വേ ഉദ്യോഗസ്ഥര്‍ ബിസ്‌കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്തത്. ടിക്കറ്റ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഡി കെ ദീക്ഷിത് ആണ് ഇതിന് നേതൃത്വം നല്‍കിയത്. ഉദ്യോഗസ്ഥര്‍ ബിസ്‌കറ്റ് പാക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നേരെ എറിഞ്ഞുകൊടുക്കുകയായിരുന്നു. യാത്രക്കാരെ ചീത്ത വിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാമടങ്ങിയ മൂന്ന് മിനുട്ട് നീളുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

ദീക്ഷിതിന്റെ ജന്മദിനം ആയതിനാലാണ് ബിസ്‌കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് ജീവനക്കാരിലൊരാള്‍ വിളിച്ചുപറയുന്നതും കേള്‍ക്കാം. റെയില്‍വേ ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം ഈ വീഡിയോ പ്രചരിച്ചത്. പിന്നീട് പുറത്തെത്തുകയായിരുന്നു. പല ശ്രമിക് ട്രെയിനുകളിലും യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.

Latest