Covid19
രാജ്യത്ത് കണ്ടെയിന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീട്ടി. ഇത്തവണ കണ്ടെയിന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് ജൂണ്‍ 30വരെ ലോക്ക്ഡൗന്‍ നടപ്പാക്കാനാണ് തീരുമാനം. രാജ്യം മുഴുവനായി ഇനി അടച്ചിടില്ല. കണ്ടെയിന്‍മെന്റ് പുറത്തെ മേഖലകളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കും. മൂന്ന് ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക.
ജൂണ്‍ എട്ട് മുതലുള്ള ആദ്യഘട്ടത്തില്‍ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും മെഡിക്കല്‍ സേവനവുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകളും അരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. പൊതുസ്ഥലങ്ങള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടന്‍ പ്രസിദ്ധീകരിക്കും.
രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സംസ്ഥാന സര്‍ക്കാറുകള്‍ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാര്‍ക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികള്‍ക്കും ഈ ഘട്ടത്തില്‍ അനുവാദം നല്‍കും. ജൂണ്‍ 30 വരെ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണിവരെയുള്ള നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി തുടരും.അവശ്യസര്‍വീസുകള്‍ക്ക് കര്‍ഫ്യൂ ബാധകമല്ല. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍/തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാം.
കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ്അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളില്‍ നിന്നോ ഉള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. അവശ്യസര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. വീടുകയറിയുള്ള നിരീക്ഷണം, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ എന്നിവ ഈ മേഖലയില്‍ തുടരണം.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറമേയുള്ള ബഫര്‍ സോണുകള്‍ കണ്ടെത്തണം. ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിലവിലെ സ്ഥിതി വിശകലനം ചെയ്തതിനുശേഷം ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്ര്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് തീരുമാനിക്കാം.പാസഞ്ചര്‍ ട്രെയിന്‍, ശ്രമിക് ട്രെയിന്‍, പ്രവാസികളെ തിരിച്ചെത്തക്കുന്നതിനുള്ള പ്രത്യേകദൗത്യ യാത്രകള്‍ എന്നിവ പ്രത്യേക പ്രോട്ടോക്കോള്‍പ്രകാരം തുടരും.അതിര്‍ത്തി കടന്നുള്ള ചരക്ക് നീക്കത്തെ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല.
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിനുള്ളില്‍ കഴിയാന്‍ നിര്‍ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം. എല്ലാ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം.
കേന്ദ്രം പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല. മാര്‍ഗനിര്‍ദേശം നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തണമെന്നും മാര്‍ഗ നിര്‍ദേശത്തിലുണ്ട്.