National
മോദി സര്‍ക്കാറിന്റെ ഒരു വര്‍ഷം നിരാശയുടേയും തീവ്ര വേദനയുടേയും ദിനങ്ങള്‍: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി | ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിരാശയുടെയും, തീവ്ര വേദനയുടെയും പരാജയപ്പെട്ട സംവിധാനങ്ങളുടെയും ഒരു വര്‍ഷമാണ് കടന്നു പോകുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തിലേറി ആറ് വര്‍ഷം പിന്നിടുമ്പോള്‍ സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും വേരുകള്‍ നശിച്ച് വിഭാഗീയ താത്പര്യങ്ങളും വര്‍ഗീയതയുമാണ് ശക്തിപ്പെട്ടത്.
കൊവിഡ് സമയത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് എന്ന ബി ജെ പിയുടെ ആരോപണത്തില്‍ കഴമ്പില്ല. മോദി സര്‍ക്കാര്‍ രണ്ട് ടേമിലായി ആറ് വര്‍ഷം പിന്നിടുമ്പോള്‍ മനസിലാകുന്നത് ജനങ്ങളുമായി യുദ്ധത്തിലാണ് ഈ സര്‍ക്കാറെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലക്ക് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരിക എന്നത് കോണ്‍ഗ്രസിന്റെ കടമയാണ്. അവരുടെ മുറിവുകള്‍ ഉണക്കുന്നതിന് പകരം കൂടുതല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. പാവങ്ങളെ വേദനിപ്പിച്ച് സമ്പന്നര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.