Connect with us

Kozhikode

ലോക പരിസ്ഥിതി ദിനം; അഞ്ചിന കര്‍മ പദ്ധതികളുമായി എസ് എസ് എഫ് പരിസ്ഥിതി സാക്ഷരത 'സാമയികം'

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് പരിസ്ഥിതിദിന കാമ്പയിന്‍ ഈ വര്‍ഷം അഞ്ചിന കര്‍മ പദ്ധതികളില്‍ കേന്ദ്രീകരിച്ച് നടത്തും. നാളേക്കൊരു തണല്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍, നമ്മുടെതു മാത്രമല്ല ഈ ലോകം എന്ന ആശയത്തെ കൂടി മുന്നോട്ടു വെക്കും വിധത്തിലായിരിക്കും.

പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്ന വെബിനാറുകള്‍, സംവാദം, ചര്‍ച്ചകള്‍ എന്നിവയ്ക്കു പുറമെ, പ്രയോഗത്തില്‍ വരുത്തേണ്ട പരിസ്ഥിതി സൗഹൃദ പഞ്ചശീലങ്ങള്‍ കൂടി നിര്‍ദേശിക്കും. പച്ചക്കറിയില്‍ സ്വയംപര്യാപ്തത ലക്ഷ്യം വെച്ച് വീടുകളിലെല്ലാം അടുക്കളത്തോട്ടം നിര്‍മിക്കുന്ന ഹരിത വീട്, ജൈവ, അജൈവ മാലിന്യങ്ങള്‍, ഇ – വേസ്റ്റുകള്‍ എന്നിവയുടെ ശാസ്ത്രീയ സംസ്‌കരണം പഠിപ്പിക്കുകയും ഉറവിട മാലിന്യ സംസ്‌കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാലിന്യം ചുരുങ്ങും ആരോഗ്യം തിളങ്ങും പദ്ധതി, വീടുകളിലും, പൊതു ഇടങ്ങളിലും വൃക്ഷത്തൈ വിതരണം, നടല്‍, പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ പ്രായോഗിക പാഠങ്ങളുടെ പഠനവും പ്രയോഗവും ലക്ഷ്യംവച്ചുള്ള പരിസ്ഥിതി സാക്ഷരതാ പദ്ധതി, മഴക്കാലത്തിനു മുമ്പ് നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തോടുകള്‍, ഓടകള്‍ തുടങ്ങിയ ജലപാതകളുടെ നവീകരണം തുടങ്ങിയവ അഞ്ചിന പദ്ധതികളുടെ ഭാഗമായി നടക്കും.

പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായ പരിശീലനം വിവിധ രൂപത്തില്‍ സംഘടിപ്പിക്കും. ജൂണ്‍ ഒന്നു മുതല്‍ 10 വരെയുള്ള കാലയളവില്‍ നടക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പരിപാലനം സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറ്റുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.