Connect with us

Covid19

പനി പ്രധാന ലക്ഷണമായ അസുഖങ്ങളുടെ പട്ടികയില്‍ കൊവിഡും; ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കും

Published

|

Last Updated

തിരുവനന്തപുരം | പനി പ്രധാന ലക്ഷണമായ അസുഖങ്ങളുടെ പട്ടികയില്‍ കൊവിഡ് 19 കൂടി ചേര്‍ത്ത് സംസ്ഥാനത്തെ ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കും. കൊവിഡ് അവലോകനത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 എന്നീ സാംക്രമിക രോഗങ്ങള്‍ക്കും പനിയാണ് പ്രധാന ലക്ഷണം. ഈ അസുഖങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക ശ്രദ്ധയും മുന്‍കരുതലും ആവശ്യമാണ്.

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈ ഇനം കൊതുക് വളരുന്നത്. വീട്ടിലും പരിസരത്തുമായി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കണം. ടെറസ്, പൂച്ചെട്ടികള്‍, വീടിന് ചുറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടക്കിടെ നീക്കം ചെയ്യാന്‍ പ്രത്യേക ശ്രദ്ധ വേണം. റബര്‍ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിവാക്കി കമിഴ്്ത്തിവെക്കണം. വൈകുന്നേരം നാല് മുതല്‍ സന്ധ്യ കഴിയുന്ന സമയം വരെയാണ് കൊതുകുകള്‍ വീടിനകത്ത് പ്രവേശിക്കാനുള്ള സാധ്യത കൂടുതല്‍. അതിനാല്‍, വൈകുന്നേരം മുതല്‍ രാവിലെ വരെ വാതിലുകളും ജനലുകളും അടച്ചിടണം. കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും ശ്രദ്ധിക്കണം. വീട്ടില്‍ കഴിയുന്നവര്‍ ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. കിടക്കുന്നയിടത്ത് കൊതുകു വല ഉപയോഗിക്കുന്നത് നല്ലതാണ്.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടത്തിവരുന്ന ഫോഗിംഗ് രോഗബാധിതരുടെ വീടുകളില്‍ നിര്‍ബന്ധമായും നടത്തണം. എലിപ്പനി കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടയെയും മൂത്രത്തിലൂടെയും വ്യാപിക്കും. അവയെ പരിപാലിക്കുമ്പോള്‍ ഗണ്‍ബൂട്ടുകളും കൈയുറകളും ധരിക്കണം. തൊഴുത്തുകള്‍, പന്നിഫാമുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest